സംസ്ഥാനത്ത് പോളിങ്ങില്‍ വന്‍ ഇടിവ്

കേരളത്തില്‍ 71.16 ശതമാനം പോളിങ്.സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കാതെയാണ് ഈ കണക്ക്. തപാല്‍വോട്ടുകള്‍ ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു.

കനത്ത ചൂടു കാരണം വോട്ടര്‍മാര്‍ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തല്‍. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ പതിവില്‍ കൂടുതല്‍ സമയമെടുത്തെന്ന പരാതിയുമുണ്ട്.

പോളിംഗ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. കേന്ദ്രത്തില്‍ ഹാട്രിക് ലക്ഷ്യമിടുന്ന എന്‍ഡിഎ, കേരളത്തില്‍ നാളിതുവരെ അക്കൗണ്ട് തുറന്നിട്ടില്ലെങ്കിലും ഇത്തവണ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. വയനാട്ടിലെ സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം യുഡിഎഫ് ക്യാംപിനും ഒരിക്കല്‍ക്കൂടി ആവേശമായി. അതേസമയം, ഭരണവിരുദ്ധവികാര സാധ്യത അടക്കമുള്ള പല പ്രതിസന്ധികള്‍ക്കിടയില്‍ എല്‍ഡിഎഫും ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പോലും പോളിംഗ് കുറഞ്ഞു. പോളിംഗ് ശതമാനത്തിലെ കുറവ് ആരെ തുണയ്ക്കും, ആരെ പിണക്കും എന്ന് ജൂണ്‍ നാലിനറിയാം.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം

 1. തിരുവനന്തപുരം- 66.43
 2. ആറ്റിങ്ങല്‍- 69.40
 3. കൊല്ലം- 68.09
 4. പത്തനംതിട്ട- 63.35
 5. മാവേലിക്കര- 65.91
 6. ആലപ്പുഴ- 74.90
 7. കോട്ടയം- 65.60
 8. ഇടുക്കി- 66.43
 9. എറണാകുളം- 68.10
 10. ചാലക്കുടി- 71.68
 11. തൃശ്ശൂര്‍- 72.20
 12. പാലക്കാട്- 73.37
 13. ആലത്തൂര്‍- 73.13
 14. പൊന്നാനി- 69.04
 15. മലപ്പുറം- 73.14
 16. കോഴിക്കോട്- 75.16
 17. വയനാട്- 73.26
 18. വടകര- 77.66
 19. കണ്ണൂര്‍- 76.89
 20. കാസര്‍കോട്- 75.29
error: Content is protected !!