മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് ഊർജ്ജം പകരാൻ പ്രധാന വേദിയായ ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഭക്ഷണ പന്തലൊരുങ്ങി. ജില്ലാ കളക്ടർ വി.ആർ വിനോദ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ എന്നിവർ ചേർന്ന് പാൽ കാച്ചൽ നടത്തി ഭക്ഷണശാല ഉദ്ഘാടനം ചെയ്തു.
മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഇനിയുള്ള രാപ്പകലുകൾക്ക് ഭക്ഷണമൊരുക്കുന്നത് ഈ പന്തിയിൽ നിന്നായിരിക്കും. കോങ്ങാട് വിനോദ് സാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ശരാശരി 7000 പേർക്ക് ഓരോ സമയവും ഭക്ഷണം ഒരുക്കി നൽകുന്നത്. ഒരേസമയം 1200 ലധികം പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് പന്തലിൽ ഒരുക്കിയിട്ടുള്ളത്. പായസവും മറ്റ് വിഭവങ്ങളുമായി ഉച്ചയൂണും, രാത്രി ഭക്ഷണവും ഉൾപ്പടെ ഒരു ദിവസം ശരാശരി 30,000ത്തോളം പേർ ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കോട്ടക്കൽ നഗരസഭാ കൗൺസിലറും ഭക്ഷണ കമ്മിറ്റി ചെയർമാനുമായ ടി. കബീറും സംഘവും പ്രതീക്ഷിക്കുന്നത്.