അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ : അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊച്ചി : എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുന്‍പ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

പീഡനം നടന്നത് വീടിനുള്ളില്‍ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങള്‍ നിര്‍ണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്‌ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതും അമ്മ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കസ്റ്റഡിയില്‍ കിട്ടി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ.

മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയെ കാണാതായി തിരച്ചില്‍ നടത്തുന്ന സമയം സ്ഥലത്തെത്തിയ ഭര്‍ത്താവിനോട്, എന്റെ കുഞ്ഞിനെ കൊന്നില്ലേ, ഇനി എന്നേയും കൊല്ലാനാണോ വന്നത് എന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നു എന്ന വിവരമുണ്ട്. അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തിയതും പീഡനവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി ഫോണ്‍ രേഖകള്‍ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കും.

error: Content is protected !!