ന്യൂഡല്‍ഹി : 70 വയസ്സ് മുതലുള്ളവര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഒരുക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. വരുമാന പരിധിയില്ലാതെ തന്നെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വയോധികര്‍ക്ക് ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് കീഴില്‍ നൂറു കണക്കിന് എംപാനല്‍ഡ് ആശുപത്രികളുണ്ട്. ഈ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് ‘ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ്’ നല്‍കുമെന്നും 9-ാമത് ആയുര്‍വേദ ദിനത്തോട് അനുബന്ധിച്ചു ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന പദ്ധതിക്ക് കീഴിലാണ് സഹായം. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയാണ് ഓരോരുത്തര്‍ക്കും ചികിത്സാ പരിധി. പ്രധാന ശസ്ത്രക്രിയകള്‍, വിട്ടുമാറാത്ത അസുഖത്തിനുള്ള ചികിത്സകള്‍ തുടങ്ങിയവക്കെല്ലാം സഹായം ലഭ്യമാണ്.
എംപാനല്‍ ചെയ്ത് ആശുപത്രികളില്‍ മാത്രം ആയിരിക്കും ചികിത്സ ലഭിക്കുക. ഹൃദയ ശസ്ത്രക്രിയ, കാല്‍മുട്ട് മാറ്റിവയ്ക്കല്‍, കാന്‍സര്‍ ചികിത്സ എന്നിവ ഉള്‍പ്പെടെ 1,500 ലധികം കേസുകളില്‍ പദ്ധതിക്ക് കീഴില്‍ ചികിത്സ ലഭിക്കും. ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറു കോടി പൗരന്മാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
ആയുഷ്മാന്‍ മിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. ആശുപത്രികളില്‍ നിന്ന് നേരിട്ടും പൊതുജന ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും പദ്ധതിക്ക് കീഴില്‍ രജിസ്റ്റ!ര്‍ ചെയ്യാം.
അതുപോലെ പിഎംജെഎവൈ വെബ്‌സൈറ്റിലൂടെ ( https://nha.gov.in/PMJAY ) നേരിട്ടും അപേക്ഷിക്കാം.
ആധാര്‍, പാന്‍ കാര്‍ഡ് പോലുള്ള ഐഡന്റിറ്റി പ്രൂഫ്, (പ്രായം തെളിയിക്കുന്ന രേഖ) കയ്യില്‍ കരുതാം.
അപേക്ഷകര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ലഭിക്കും. ഇതിനു ശേഷം ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
ലഭ്യമാകുന്ന സേവനങ്ങള്‍
വൈദ്യപരിശോധന, ചികിത്സ, കൂടിയാലോചന
പ്രീഹോസ്പിറ്റലൈസേഷന്‍
മരുന്നുകളും മെഡിക്കല്‍ ഉപഭോഗവസ്തുക്കളും
നോണ്‍ഇന്റന്‍സീവ്, ഇന്റന്‍സീവ് കെയര്‍ സേവനങ്ങള്‍
ഡയഗ്‌നോസ്റ്റിക്, ലബോറട്ടറി അന്വേഷണങ്ങള്‍
മെഡിക്കല്‍ ഇംപ്ലാന്റേഷന്‍ സേവനങ്ങള്‍ (ആവശ്യമെങ്കില്‍)
താമസ ആനുകൂല്യങ്ങള്‍
ഭക്ഷണ സേവനങ്ങള്‍
ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍
15 ദിവസം വരെ ഹോസ്പിറ്റലൈസേഷനു ശേഷമുള്ള തുടര്‍ പരിചരണം
പദ്ധതി ഒറ്റനോട്ടത്തില്‍
- പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പോര്‍ട്ടലിലോ ( beneficiary.nha.gov.in ) ആയുഷ്മാന്‍ ആപ്പിലോ ( https://play.google.com/store/apps/details?id=com.beneficiaryapp&hl=hi ) രജിസ്റ്റര്‍ ചെയ്യണം.
- ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കണം ഇ.കെ.വൈ.സി പൂര്‍ത്തിയാക്കുകയും ചെയ്യും.
- നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ വരെ ആനുകൂല്യമാണ് ലഭിക്കുക.
- കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരരുണ്ടെങ്കില്‍ തുക പങ്കുവയ്ക്കും
- നിലവില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഗുണഭോക്താക്കളായ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഏഴുപതോ അതിന് മുകളില്‍ പ്രായമോ ഉള്ള ആള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ അധിക ടോപ്പ് അപ്പ് കവറേജ് കൂടി ലഭ്യമാകും.
- ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് സേവനം ലഭ്യമാകുക. രാജ്യത്ത് 12,696 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 29,648 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.
- ആധാര്‍ കാര്‍ഡില്‍ നല്‍കിയ ജനനത്തീയതി പ്രകാരമാകും പ്രായം പരിഗണിക്കുക. ഇതുപ്രകാരം, ഏഴുപതോ അതിന് മുകളിലോ പ്രായമുള്ളവര്‍ ആരോഗ്യ പരിരക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി യോഗ്യരാണ്.
- സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അടക്കം ഉള്ളവരും പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടും.
- കേന്ദ്രസര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീം, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം, ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് തുടങ്ങിയവയുടെ ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ.
സമഗ്രവിവരങ്ങളുമായി ആയുഷ്മാന്‍ ഭാരത് ആപ്പ്
പദ്ധതിക്ക് കീഴില്‍ രജിസ്‌ട്രേഷനായി ഗുണഭോക്താക്കള്‍ക്ക് അയുഷ്മാന്‍ ഭാരത് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആയുഷ്മാന്‍ ഭാരത് അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താലും മതി.
കുടുംബത്തിലെ വാര്‍ഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. ആറു കോടിയോളം വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് പദ്ധതിക്ക് കീഴില്‍ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ.
നിലവില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉള്ള കുടുംബത്തിന് മുതിര്‍ന്നപൗരന്മാര്‍ക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ നല്‍കും. ഒരു കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ പേര് മുതിര്‍ന്നവര്‍ ഉണ്ടേല്‍ ഓരോ പൗരനും അഞ്ചു ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാണ് എന്നതാണ് മറ്റൊരു ആകര്‍ഷണം