ഡോക്ടറില്‍ നിന്നും മൂന്നിലൊന്ന് ശമ്പളം മാത്രമുള്ള ഡെപ്യൂട്ടി കളക്ടറായി ; 10 വര്‍ഷത്തിന് ശേഷം ഐഎഎസും

മലപ്പുറം : ഡോക്ടറില്‍ നിന്നും ശബളം മൂന്നിലൊന്ന് മാത്രമുള്ള ഡപ്യൂട്ടി കലക്ടറായി. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യമായിരുന്നു ചുവടുമാറ്റത്തിനു പിന്നില്‍. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം ഐഎഎസിന് തെരഞ്ഞെടുത്ത് വിജ്ഞാപനവും. മലപ്പുറത്തടക്കം ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഡോ ജെ. ഒ അരുണിനാണ് ഐഎഎസിന് തിരഞ്ഞെടുത്ത് വിജ്ഞാപനം വന്നിരിക്കുന്നത്. മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡോ. അരുണിന്റെ സേവനത്തിനുള്ള അംഗീകാരമായി. മഞ്ചേരി വയ്പ്പാറപ്പടി സ്വദേശിയാണ് അരുണ്‍. പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടര്‍, വയനാട് പുനരധിവാസ പാക്കേജ് സ്‌പെഷല്‍ ഓഫിസറുമാണ് നിലവില്‍ ഡോ. അരുണ്‍.

കോഴിക്കോട് ഗവ. ഡെന്റല്‍ കോളജിന്റെ നോട്ടിസ് ബോര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഡിസിനുമായി ബന്ധമില്ലാത്ത ഒരു നോട്ടിസ് പ്രത്യക്ഷപ്പെട്ടു. ഡപ്യൂട്ടി കലക്ടര്‍ പരീക്ഷയിലെ രണ്ടാം റാങ്ക് നേടിയ കോളജിലെ ഡോക്ടറായ ജെ.ഒ.അരുണിന്റേത് ആയിരുന്നു അത്. ആരോഗ്യ രംഗത്തെ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ഡെന്റല്‍ കോളെജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടര്‍ നിയമനം ലഭിച്ചത്. മെയിന്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി.

ഡോക്ടര്‍, അന്ന് മൂന്നിലൊന്നു മാത്രം ശമ്പളമുള്ള ഡപ്യൂട്ടി കലക്ടര്‍ ആകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യമായിരുന്നു ചുവടുമാറ്റത്തിനു പിന്നില്‍. കോഴിക്കോട് ആയിരുന്നു ആദ്യ നിയമനം. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഡപ്യൂട്ടി കലക്ടര്‍, റവന്യു ഡിവിഷനല്‍ ഓഫിസര്‍ ആന്‍ഡ് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, അഡിഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് ചുമതല വഹിച്ചു. 2015, 2022 വര്‍ഷം സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. സര്‍ക്കാരിന്റെ വിശിഷ്ട സേവാ പുരസ്‌കാരവും ലഭിച്ചു.

ഏറെ പ്രതിസന്ധികളെ അതിജീവിച്ചു മലപ്പുറം ജില്ലയിലെ ദേശീയ പാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ മാതൃകാപരമായി പൂര്‍ത്തീകരിച്ചു. ഇതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നു പ്രശംസാ പത്രം ലഭിച്ചു. എറണാകുളം ദേശീയപാത, ഗ്രീന്‍ ഫീല്‍ഡ് പാത, കോഴിക്കോട് വിമാനത്താവളം റിസ വികസനം എന്നിവയുടെ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കി. ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണം വില്ലേജുകളില്‍ പൂര്‍ത്തിയാക്കി. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് പ്രചാരണം നല്‍കുന്നതിനും രാജ്യത്തു തന്നെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിനും നേതൃത്വം നല്‍കി. 2003-2004 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെങ്കിലും സാങ്കേതിക കുരുക്കില്‍ പെട്ട് കിടന്നിരുന്ന 275 ഏക്കര്‍ വനഭൂമി വനം വകുപ്പില്‍ നിന്ന് ഏറ്റെടുത്ത 570 ആദിവാസികള്‍ക്ക് പട്ടയം നല്‍കാനും പട്ടയം നോഡല്‍ ഓഫിസര്‍ എന്ന നിലയില്‍ ജില്ലയില്‍ 12,000 പട്ടയം തയാറാക്കുന്നതിനു പങ്കുവഹിച്ചു. കോവിഡ് വ്യാപന സമയത്ത് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

കോവിഡ് ഒന്നാം തരംഗ സമയത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളില്‍ മുഴുകി. രണ്ടും മൂന്നും തരംഗ സമയങ്ങളില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2018 ലെ പ്രളയ സമയത്ത് പെരിന്തല്‍മണ്ണ റവന്യ ഡിവിഷന്‍ ഓഫീസര്‍ എന്ന നിലയിലും 2019 ല്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ സമയം മുതല്‍ അവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. മരണപ്പെട്ടവരുടെ സംസ്‌കരണം, മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയല്‍, ഭൂമി ഏറ്റെടുക്കല്‍, ഗുണഭോക്തൃ പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നും ഒന്നാം റാങ്കോടെ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. കോഴിക്കോട് ഗവ ഡെന്റല്‍ കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടെ ബി ഡി എസ് ഡിഗ്രിയും എം ഡി എസ് ഡിഗ്രിയും നേടി. റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ പരേതനായ ഓമനക്കുട്ടന്റെയും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ മുന്‍ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് പി.കെ.വനജാക്ഷിയുടെയും മകനാണ് അരുണ്‍. ഭാര്യ ഡോ. വി. ബിനില നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറാണ്. മക്കളായ ജിയ ജെ അരുണും ജീവ് ജെ അരുണും വിദ്യാര്‍ഥികളാണ്.

error: Content is protected !!