മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ: അവലോകന യോഗം ചേർന്നു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ സജീവമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാതല അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ചാർജ് ഓഫീസർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുനിസിപ്പൽ, പഞ്ചായത്ത്, ബ്ലോക്ക് സെക്രട്ടറിമാരും ജില്ലാതല ഏകോപന സമിതി അംഗങ്ങളും പങ്കെടുത്തു.

ജില്ലയിലെ ഡോർ ടു ഡോർ യൂസർ ഫീ കളക്ഷൻ നൂറ് ശതമാനത്തിലെത്തിക്കാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ആഗസ്റ്റ് 15നുള്ളിൽ യൂസർഫീ കളക്ഷൻ 100 ശതമാനത്തിലെത്തിക്കും. എം.സി.എഫ് ഇല്ലാത്ത പ്രദേശങ്ങളിൽ അത് ഒരുക്കാനും സ്ഥലം വാടകയ്‌ക്കോ വിലയ്ക്ക് വാങ്ങിയോ ലഭ്യമാക്കാനും യോഗം നിർദേശിച്ചു. ആവശ്യമെങ്കിൽ ഹരിത കർമ സേനയുടെ എണ്ണം കൂട്ടും. എണ്ണം കൂട്ടിയാൽ കൂടുതൽ പ്രദേശങ്ങളിൽ മാലിന്യം ശേഖരിക്കാൻ കഴിയുമെന്നും ഇതിലൂടെ ഹരിത കർമ സേന അംഗങ്ങളുടെ വരുമാനം കൂടുമെന്നും യോഗം ചൂണ്ടിക്കാട്ടി. കുടുംബശ്രീയുമായി സഹകരിച്ച് മാലിന്യ നിർമാർജനം കാര്യക്ഷമമാക്കും.

യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, അസിസ്റ്റൻറ് കളക്ടർ സുമിത്ത് കുമാർ താക്കൂർ, എ.ഡി.എം എൻ.എം മെഹറലി, തദ്ദേശവകുപ്പ് ജോയിൻറ് ഡയറക്ടർ പ്രീതി മേനോൻ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ പി.ജി വിജയകുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!