കരിപ്പൂരില്‍ 3.5 കിലോയിലധികവും സ്വര്‍ണവും 20.90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3606ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും 20,90,000 രൂപക്ക് തുല്യമായ വിദേശ കറന്‍സിയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മല്‍ ഫാഹില്‍ (25) ബാഗിനുള്ളില്‍ ഒളിപ്പിച്ചു മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാലും, ഇന്ന് പുലര്‍ച്ചെ ബഹറയിനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയകല്‍പള്ളി മുഹമ്മദ് സൈബിനില്‍ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 4 ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയില്‍ നിന്നും 535ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 2 ക്യാപ്‌സൂളുകളും ആണ് കസ്റ്റംസ് പിടികൂടിയത്.

സ്വര്‍ണമിശ്രിതമടങ്ങിയ ക്യാപ്‌സൂളുകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ആണ് ഇരുവരും ശ്രമിച്ചത്. മുഹമ്മദ് സൈബിന് 60,000 രൂപയും വിമാന ടിക്കറ്റും, ഫവാസിന് 30,000 രൂപയുമാണ് പ്രതിഫലമായി കള്ളക്കടത്ത് സംഘം വാഗ്ദാനം നല്‍കിയിരുന്നത്.

അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഗോപകുമാര്‍. ഇ. കെ പ്രവീണ്‍കുമാര്‍ കെ. കെ. സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണന്‍, കുഞ്ഞുമോന്‍, വിക്രമാദിത്യ കുമാര്‍ ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് കിള്ളി, ഇ .രവികുമാര്‍ , ധന്യ കെ. പി. നിക്‌സണ്‍ കെ. എ, സച്ചിദാനന്ദ പ്രസാദ് ഹെഡ് ഹവല്‍ദാര്‍ ഇ. ടി. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.

ഇതു കൂടാതെ ഇന്ന് പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സ് ഇല്‍ അബുദാബിയില്‍ നിന്നും എത്തിച്ചേര്‍ന്ന കണ്ണൂര്‍ ജില്ലയിലെ കിട്ടാഞ്ചിയിലെ കുന്നോത്ത് വീട്ടില്‍ മുഹമ്മദ് ഹനീഫ (33), കോഴിക്കോട് ജില്ലയിലെ കായ്‌ക്കോടിയില്‍ ഉള്ള കൂട്ടൂര്‍ വീട്ടില്‍ കുഞഹമ്മദ് കൂട്ടൂര്‍ (53) എന്നിവരെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതിലൂടെ ശരീരഭാഗങ്ങളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച യഥാക്രമം 1119 ഗ്രാം തൂക്കം ഉള്ള 4 ക്യാപ്‌സൂള്‍ , 837 ഗ്രാം തൂക്കം ഉള്ള 3 കാപ്‌സൂള്‍ എന്നിങ്ങനെ രൂപത്തിലുള്ള സ്വര്‍ണമിശ്രിതം കസ്റ്റംസ് കണ്ടെത്തി പിടികൂടി. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടര്‍ന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.

error: Content is protected !!