
തിരൂരങ്ങാടി : പ്രസവശുശ്രൂഷക്ക് നിന്ന വീട്ടിൽ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന ഹോം നഴ്സ് പിടിയിൽ. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും ഫോണും കവർന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm
റഫീഖിന്റെ ഭാര്യ സഫ്വാനയുടെയും കുട്ടിയുടെയും ആഭരണങ്ങളും റഫീഖിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്. സഫ് വനയുടെ പ്രസവശുശ്രൂഷയ്ക്കായാണ് യുവതി എത്തിയിരുന്നത്. കഴിഞ്ഞ മാസം 22ന് വീട്ടിൽ നടന്ന കുഞ്ഞിന്റെ മുടികളയൽ ചടങ്ങിനിടെയാണ് ഫോൺ നഷ്ടമായത്. സംശയം തോന്നി എല്ലാവരോടും ചോദിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നാണ് യുവതി പറഞ്ഞത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 6ന് ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്കു മടങ്ങി. കുട്ടിക്ക് ആഭരണമുണ്ടാക്കുന്നതിനായി, പത്തായത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം പോയത് അറിഞ്ഞത്. തിരൂരങ്ങാടി ടുഡേ. സഫ് വാനയുടെയും കുട്ടി യുടെയും പാദസരം, വള, ചെയിൻ, നെക്ലേസ് തുടങ്ങിയവയാണു നഷ്ടമായത്. ഇവർ കിടന്നിരുന്ന മുറിയിലെ പത്തായത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതിനിടെ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കാണാതായ ഫോൺ ഗൂഢല്ലൂരിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ മോഷണം നടത്തിയത് യുവതി തന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ചു.
സംശയം തോന്നാതിരിക്കാൻ യുവതി തുടർന്നും വീട്ടുകാരുമായി ഫോണിൽ സ്ഥിരമായി
ബന്ധപ്പെട്ടിരുന്നു. എന്നാൽ ആഭരണങ്ങൾ കാണാതായതിനെ കുറിച്ച് യുവതിയോട് വീട്ടുകാർ പറഞ്ഞിരുന്നില്ല. ഇതിനിടെ യുവതി തലക്കടത്തൂരിലെ വീട്ടിൽ ജോലിക്ക് വന്നതായി യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന സ്ഥലവും വീട്ടുകാരുടെ പേരും വിവരങ്ങളും തന്ത്രപൂർവ്വം യുവതിയൽ നിന്ന് ചോദിച്ചറിഞ്ഞ ശേഷം പോലീസുമായി എത്തി പിടികൂടുകയായിരുന്നു. ഫോണും 9 പവൻ സ്വർണവും യുവതിയിൽ നിന്ന് കണ്ടെടുത്തു. ബാക്കി സ്വർണം ബാങ്കിൽ പണയം വെച്ചതായി യുവതി പറഞ്ഞു. അറസ്റ്റിലായ യുവതിയെ മഞ്ചേരി ജയിലിലേക്കയച്ചു.