പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ വാട്ടര്‍ തീം പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. 2018ല്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. പിന്നീട് ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് തീരുമാനം. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണം, വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് പാര്‍ക്ക് ഭാഗീകമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതിയായത്.

പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.

error: Content is protected !!