സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിൽ ‘ഗ്രീൻ വാഷ്’ എന്ന ബ്രാന്റ് നെയിമിൽ കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റർജന്റ് ലിക്വിഡ്, ടോയ്ലറ്റ് ക്ലീനർ, മൾട്ടിപർപ്പസ് ലിക്വിഡ് എന്നീ ഉൽപ്പന്നങ്ങളാണ് വിദ്യാർഥികൾ ഇവിടെ സ്വയം നിർമ്മിച്ചെടുത്ത് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് ഗുഡ്ബൈ പറയാൻ തുണി സഞ്ചികളുടെ നിർമ്മാണവും ഇതിനോടൊപ്പം വിദ്യാർഥികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നടത്തിയ തെരെഞ്ഞെടുപ്പിലൂടെ എട്ട്, ഒൻപത് ക്ലാസുകളിലെ 27 വിദ്യാർത്ഥികളാണ് സംരംഭക യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഇവർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കി. എല്ലാ വിധ സഹായങ്ങളുമായി അധ്യാപകരും കൂടെയുണ്ട്.
850 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ തന്നെയാണ് ഇവരുടെ ആദ്യ വിപണിയായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ‘നമ്മുടെ വീടുകളിൽ നമ്മുടെ ഉത്പന്നം, എന്ന ക്യാമ്പയിനും സ്കൂൾ ആരംഭിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 200 മില്ലിയുടെ അഞ്ചു ബോട്ടിലുകൾക്ക് 150 രൂപ മാത്രമാണ് വില വരുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കുട്ടികളുടെ പഠനാവശ്യങ്ങൾക്കും സ്കൂളിന്റെ പൊതു ആവശ്യത്തിനും സംരംഭം വിപുലപ്പെടുത്താനുമാണ് ഉപയോഗപ്പെടുത്തുക. ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ സമർപ്പിച്ച പ്രൊജക്ടുകളിൽ നിന്ന് തെരെഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അൻപതിനായിരം രൂപയുടെ പ്രവർത്തന മൂലധനം നൽകിയിട്ടുള്ളത്.
വിദ്യഭ്യാസത്തിനൊപ്പം തന്നെ കുട്ടികളിൽ സംരംഭകത്വ ശേഷി കണ്ടെത്തുകയും അവരിൽ സ്വശ്രയത്വം, നൈപുണ്യവികസനം, സ്വയം പര്യാപ്തത എന്നിവ വളർത്തി സംരംഭകത്വത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ വിദ്യാലയം.
ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീജ ജനാർദ്ദനൻ, ഗ്രാമപഞ്ചായത്തംഗം എ.പി. ജവഹർ സാദത്ത് , പി.ടി.എ പ്രസിഡന്റ് എം മുജീബ് റഹ്മാൻ, എസ് എം സി ചെയർമാൻ കെ.വിനോദ് കുമാർ , പ്രിൻസിപ്പൽമാരായ എ സക്കീർ ഹുസൈൻ, പി.ടി.മുഹമ്മദ് സാദിഖ് ,എ. അമീർ തുടങ്ങിയവർ പങ്കെടുത്തു.