
നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് – മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍ കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണില്‍ സ്ഥലമെടുക്കുന്നതിനായി ത്രി എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നതിനാല്‍ കല്ലിടുന്നതില്‍ മറ്റു തടസങ്ങള്‍ ഇല്ല.
ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമസ്ഥരുടെ ഭൂമി അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത്തരത്തില്‍ കൃത്യമായി രേഖപെടുത്തുന്നതിനായി കല്ലുകള്‍കൊണ്ട് സ്ഥലം ഉടമസ്ഥര്‍ അതിര്‍ത്തികള്‍ വേര്‍തിരിക്കേണ്ടതാണ്. ഇത് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ ലഭിക്കുന്നതിനും പിന്നീടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഉപകരിക്കും. അതിനാല്‍ കല്ലിടാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരമാവധി സഹകരണം നല്‍കാന്‍ പ്രദേശവസികളും ഭൂവുടമകളും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. അതിര്‍ത്തിയില്‍ കല്ലിടാനും സര്‍വെയ്ക്കുമായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അതാത് ഭൂമിയുടെ ഉടമസ്ഥര്‍ ആധാരം, നികുതിചീട്ട് എന്നിവ സഹിതം സ്ഥലത്ത് സന്നിഹിതരാകണമെന്നും ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു. ഏറ്റെടുക്കുന്ന ഭൂമിയില്‍ സ്ഥാപിക്കുന്ന അതിര്‍ത്തിക്കല്ലുകള്‍ സംരക്ഷിക്കേണ്ടത് അതാത് ഭൂവുടമസ്ഥരുടെ ഉത്തരവാദിത്തമാണ്. കല്ലുകള്‍ക്ക് സ്ഥാന ചലനം സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ ഭൂവുടയ്ക്ക് നേരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാത പദ്ധതിയ്ക്കായി 304.59 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് ദേശീയപാത ആലോചനായോഗത്തില്‍ എം.എല്‍.എമാരായ ടി.വി.ഇബ്രാഹീം, പി.കെ.ബഷീര്‍, ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപന മേധാവിമര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയപാത ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജനപ്രതിനികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.
വേണം പുതിയ പാതകള്‍
ഭാരത് മാല പദ്ധതിപ്രകാരം നിര്‍മിക്കുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് പാത നിലവില്‍ വരുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനവുമായും കരിപ്പൂര്‍ വിമാനത്തവളവുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ ഇടവരരുതെന്ന് ഗ്രീന്‍ഫീല്‍ഡ് പാത ആലോചനായോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നിലവിലെ കോഴിക്കോട്- പാലക്കാട് ദേശീയപാത മലപ്പുറം ജില്ലാ ആസ്ഥാനത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ പുതുതായി വരുന്ന ഗ്രീന്‍ഫീല്‍ഡ് പാത ജില്ലാ ആസ്ഥാനത്തുനിന്നും ഏകദേശം 22 കിലോമീറ്റര്‍ മാറി മഞ്ചേരി കാരക്കുന്നിലൂടെയാണ് പോകുന്നത്. അതിനാല്‍ നിലവിലെ ദേശീയപാതയെയും ഗ്രീന്‍ഫീല്‍ഡ് പാതയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കാരക്കുന്നില്‍ നിന്നാരംഭിച്ച് മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍ വഴി ദേശീയപാത 66ലേക്ക് ചെന്നുചേരുന്ന വിധത്തില്‍ നാലുവരിപാത നിര്‍മിക്കണമെന്ന് പി.കെ.ബഷീര്‍ എം.എല്‍.എ ആലോചനായോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു പാത വരുന്നതോടെ മലപ്പുറം ജില്ലാ ആസ്ഥാനവുമായി ഗ്രീന്‍ഫീല്‍ഡ് പാതയെ ബന്ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ദേശീയപാത കടന്നുപോകുന്നത് എടവണ്ണപ്പാറയിലൂടെയാണ്. കോഴിക്കോട് വിമാനത്തതാവളവുമായി താരതമ്യേന അടുത്തുകിടക്കുന്ന സ്ഥലവുമാണിത്. അതിനാല്‍ എടവണ്ണപ്പാറയില്‍ നിന്നാരംഭിച്ച് നിലവിലെ പാലക്കാട് കോഴിക്കോട് ദേശീയപാതയെയും വിമാനത്തതാവളത്തേയും ബന്ധിപ്പിച്ച് ദേശീയപാത 66ല്‍ അവസാനിക്കുന്ന വിധത്തില്‍ കൊളപ്പുറം വരെ നീളുന്ന പുതിയൊരു നാലുവരിപാത ഗ്രീന്‍ഫീല്‍ഡ് പാതയോട് അനുബന്ധിപ്പിച്ച് നിര്‍മിക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ യോഗത്തില്‍ ആവശ്യപെട്ടു.