Saturday, July 12

ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും

ആര്‍സി ബുക്ക്- ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതിനെ തുടര്‍ന്ന് പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെ മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചതോടെ മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസന്‍സ് വിതരണം നടക്കുമെന്നാണ് വിവരം. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവര്‍ക്കുള്‍പ്പെടെ കുറച്ച് ലൈസന്‍സ് മാത്രമാണ് നിലവില്‍ അച്ചടിക്കുന്നത്.

error: Content is protected !!