മലപ്പുറം കുടുംബശ്രീക്ക് അഭിമാന നിമിഷം. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നിർമിച്ച് വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകൾ. രജ്യമെങ്ങും 75- സ്വാതന്ത്യദിനം അതിഗംഭീരമായി ആഘോഷിക്കുമ്പോൾ ജില്ലയിലെ പതാക നിർമാണത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് 830 ഓളം വരുന്ന കുടുംബശ്രീ പ്രവർത്തകർ. രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ പതാക നിർമാണത്തിന്റെ ചുക്കാൻ പിടിക്കാൻ ഓരോ ജില്ലകളിലെയും കുടുംബശ്രീ മിഷനുകളെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കേവലം 15 ദിവസങ്ങൾക്കുള്ളിലാണ് ജില്ലയിലെ 94 യൂണിറ്റുകളിൽ നിന്നുള്ള 830 ഓളം കുടുംബശ്രീ പ്രവർത്തകരുടെ രാപകലില്ലാത്ത അധ്വാനത്തിലൂടെ ജില്ലയിലെ എല്ലായിടങ്ങളിലും ദേശീയ പതാകകളെത്തിച്ചത്. ജില്ലയിൽ കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റുകൾക്കാണ് പതാക നിർമാണത്തിന് ചുമതല നൽകിയത്. ആദ്യ ഘട്ടത്തിൽ മെറ്റീരിയലുകളുടെ ലഭ്യത കുറവ് സാരമായി ബാധിച്ചെങ്കിലും പിന്നീട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് രണ്ട് ലക്ഷത്തിലധികമുള്ള ഓഡറുകൾ നിർമ്മിച്ച് വിതരണം ചെയ്തത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവസാന നിമിഷങ്ങളിൽ വരെ വന്ന ഓർഡറുകളും നിർമിച്ചു നൽകാനായതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവർത്തകർ.
വീടുകളും സ്ഥാപനങ്ങളും തങ്ങൾ നിർമ്മിച്ച ദേശീയ പതാകകൾ കൊണ്ട് നിറയുമ്പോൾ, രാജ്യത്തിന്റെ വീരസ്മരണകളുയരുന്ന സ്വതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായതിൽ അഭിമാനം കൊള്ളുകയാണ് ഓരോ വനിതകളും.
പതാക നിർമാണം കുടുംബശ്രീയെ ഏൽപ്പിച്ച് ഉത്തരവായതു മുതൽ ജില്ലയിലെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപ്പിച്ച് ഫ്ലാഗ് കോഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പയിൻ വിജയിപ്പിക്കാൻ പൂർണ പിന്തുണയും മേൽനോട്ടവും വഹിച്ച് ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്തും , പ്രോഗ്രാം മാനേജർ കെ.ടി ജിജുവും നിർമാണ യൂണിറ്റുകൾക്ക് പ്രചോദനമായി.