
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സി കൃഷ്ണകുമാറിനെതിരെ പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പരാതിക്കാരിക്ക് നല്‍കിയ മറുപടി.
അതേസമയം വ്യാജ പരാതിയൈന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പിന്നില്‍ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയര്‍ത്തിപ്പിടിച്ചിരുന്നു. സിപിഐഎം നേതാവായിരുന്നു എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ എന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലന്‍കുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുക മാത്രമാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള അര്‍ഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.