വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നാളെ (സെപ്റ്റംബർ ആറ് ) മുതൽ കിടത്തി ചികിൽസ ആരംഭിക്കും. രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കിടത്തി ചികിൽസയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുക മുഖ്യാഥിതിയാകും.
ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി നാല് കോടി ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. നൂറിലധികം കിടക്കകളും എക്‌സ്‌റേ, മെഡിക്കല്‍ ലാബ് അടക്കമുള്ള സൗകര്യങ്ങളുള്ള സി.എച്ച്.സിയിൽ നിലവിൽ ഒരു സിവില്‍ സര്‍ജന്‍, എട്ട് അസിസ്റ്റന്റ് സര്‍ജന്‍മാർ, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, രണ്ട് വീതം ഗ്രേഡു 2 ക്ലീനിങ്ങ് ജീവനക്കാരുമാണുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ക്ലീനിങ്ങ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് നിയമിക്കും. ഇതിന് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.പി.എം ബഷീർ, പുളിക്കൽ സമീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഫസൽ, മൻസൂർ കോയ തങ്ങൾ, യു.എൻ.ഹംസ, സലീമ ടീച്ചർ, ലിയാഖത്ത് അലി, ജലീൽ മണമ്മൽ, സലീന കരിമ്പിൽ, സ്ഥിര സമിതി അധ്യക്ഷന്മാരായ
സുഹിജാബി, സഫിയ മലക്കാരൻ, പി.പി. സഫീർ ബാബു, വേങ്ങര പോലീസ് ഇൻസ്‌പെക്ടർ എം.മുഹമ്മദ് ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അബ്ദുൽ അസീസ്, മെഡിക്കൽ ഓഫീസർ ഡോ.ജസീനാബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.