
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രോഗപ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി 16 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.
നേരത്തെ പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം ആരംഭിച്ചു. നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേര്‍ക്കാണ് നിപയെന്ന് സംശയിച്ച് ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നിപ ബാധ സംശയിക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മരിച്ച ഒരാളുടെ നാല് ബന്ധുക്കള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാംപിള്‍ പരിശോധനയുടെ ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മരിച്ച വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്.