
വളാഞ്ചേരി : തോരാമഴയിൽ പുഴകൾ നിറഞ്ഞ് ഒഴുകിത്തുടങ്ങി. തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത ഒഴുക്കാണ്. തിരുവേഗപ്പുറ, കൊടുമുടി, കൈതക്കടവ്, ഇടിയറക്കടവ്, ചെമ്പ്ര, പരുതൂർ ഭാഗങ്ങളിലെല്ലാം കരയോട് ചേർന്ന് വെള്ളം നിറഞ്ഞിട്ടുണ്ട്. ചിലഭാഗങ്ങളിൽ മണ്ണിടിച്ചിലുമുണ്ട്. തൂതപ്പുഴ ഭാരതപ്പുഴയിൽ ചേരുന്ന കരിയന്നൂരിൽ കര പലഭാഗങ്ങളിലായി ഇടിഞ്ഞു. ഇനിയും മഴ തുടർന്നാൽ കൃഷിയിടങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാവും. ഭാരതപ്പുഴയിലും ജലവിതാനം ഉയർന്നു.
മങ്കേരി പറമ്പത്ത് കടവിനോട് ചേർന്ന് ഒഴുക്കുകൂടി. തൃത്താല വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ ഉയർത്തിയത് ഭാരതപ്പുഴയിൽ ഒഴുക്കുകൂടാൻ കാരണമായി. 18 ഷട്ടറുകളാണ് കഴിഞ്ഞ ദിവസം ഉയർത്തിയത്. വെള്ളം ഉയർന്നതോടെ പുഴയോരവാസികളും ജാഗ്രതയിലാണ്. ജലസംഭരിണിയിൽ ജലവിതാനം ഉയർന്നാൽ തടയണയുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടിവരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
ഗ്രാമപ്രദേശങ്ങളിൽ അടക്കം വയലുകളും ചെറുറോഡുകളും വെള്ളക്കെട്ടിലായി. കനത്ത കാറ്റിൽ മരം വീണ് വീടുകൾക്ക് കേടുപറ്റി. തൂതപ്പുഴയും ഭാരതപ്പുഴയും ഇരുകര മുട്ടി ഒഴുകിത്തുടങ്ങി. ഇരിമ്പിളിയം, എടയൂർ, കുറ്റിപ്പുറം, തിരുവേഗപ്പുറ പഞ്ചായത്തുകളിൽ കാറ്റ് നാശം വിതച്ചു. വൈദ്യുതി വിതരണവും താറുമാറായി.
റോഡുകളിൽ വെള്ളക്കെട്ട് നിറഞ്ഞു. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. ആറുവരിപ്പാത നിർമാണ മേഖലയിൽ മഴവെള്ളം വീടുകളിലേക്ക് ഒഴുകിയുള്ള ഭീഷണി തുടരുകയാണ്. വട്ടപ്പാറ, മുരിങ്ങാത്താഴം, പടിഞ്ഞാക്കര ഭാഗങ്ങളിൽ ചെളിവെള്ളം നിറഞ്ഞ അനുഭവവുമുണ്ട്.