സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി : സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഗതാഗത കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു.

വാഹനങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ നിയമത്തില്‍ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹര്‍ജിയിലെ വാദം. ഈ വര്‍ഷം ഫെബ്രുവരി 28ന് മുന്‍പ് സ്വകാര്യ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ബസുടമകളുടെ പ്രതിഷേധ തുടര്‍ന്ന് പിന്നീട് പലതവണ തീയതി മാറ്റിയിരുന്നു.

error: Content is protected !!