ഉന്നതവിദ്യാഭ്യാസം ജോലി നേടാൻ മാത്രമല്ല ; കാലിക്കറ്റ് വി.സി

ഉന്നതവിദ്യാഭ്യാസം ജോലി നേടാനുള്ള ഒരു ടിക്കറ്റ് മാത്രമല്ല, സമൂഹത്തെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ബാധ്യത കൂടിയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി വയനാട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം നേടുന്നതിനൊപ്പം ഭരണഘടന നിര്‍ദേശിക്കുന്ന ശാസ്ത്രാവബോധം കൂടി വിദ്യാര്‍ഥികള്‍ വളര്‍ത്തണം. ഇത് ഓരോ പൗരന്റെയും കടമയാണ്. ശാസ്ത്രവബോധം കേവലം ശാസ്ത്രജ്ഞാനമല്ല. കാര്യങ്ങളെ നിരീക്ഷിച്ച് പരീക്ഷിച്ച് മനനം ചെയ്ത് ലഭിക്കുന്ന അറിവ് സമൂഹത്തിലേക്ക് നല്‍കലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ചടങ്ങിൽ പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. ടി. മുഹമ്മദ് സലിം, സെനറ്റംഗം പി.വി. സനൂപ് കുമാർ, പഴശ്ശിരാജ കോളേജ് മാനേജറും ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു.

ചടങ്ങിൽ 95 വിദ്യാർഥികളാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

error: Content is protected !!