ഹോംനഴ്‌സ് പഠിച്ച കള്ളി; കൂടുതൽ വീടുകളിൽ മോഷണം നടത്തി

തിരൂരങ്ങാടി : ജോലിക്ക് നിന്ന് വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ഹോം നഴ്സുമായി തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബിയെ (34) ആണ് ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തിയത്. ഇവർ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. കൊടിഞ്ഞി, മൂന്നിയൂർ പടിക്കൽ എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. ഇവിടെ നിന്ന് മോഷ്ടിച്ച സ്വർണാഭാരണങ്ങളിൽ ഭൂരിഭാഗവും കണ്ടെടുക്കുകയും ചെയ്തു.
കൊടിഞ്ഞി
കോറ്റത്ത് മൂലക്കൽ കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിലാണ് യുവതി പ്രസവ ശുശ്രൂഷ ക്ക് നിന്നിരുന്നത്. ഇവിടെ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുന്നിയൂർ പടിക്കൽ പി.കെ.കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ മോഷണം നട ത്തിയ വിവരം യുവതി വെളിപ്പെടുത്തിയത്.
ജനുവരി മുതൽ ഫെബ്രുവരി 3 വരെയാണ് യുവതി ഇവിടെ ജോലി ചെയ്തിരുത്. കുഞ്ഞിമുഹമ്മദിന്റെ രോഗിയായ സഹോദരിയെ പരിചരിക്കാനാണ് ജോലിക്ക് നിർത്തിയത്. ഇതിനിടയിലാണ് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ യുടെ 10 പവൻ സ്വർണം മോഷ്ടിച്ചത്.
ആരെന്ന് വ്യക്തമാകാത്തതിനാൽ ഇവർ പരാതി നൽകിയിരുന്നില്ല. ഇതിന് മുമ്പ് മറ്റു രണ്ടുപേർ ജോലിക്ക് നിന്നിരുന്നു. മാത്രമല്ല, ഇപ്പോൾ പിടിയിലായ യുവതി സംശയം തോന്നാത്ത തരത്തിൽ ഭക്തയായാണ് ഇവിടെ ജോലി ചെയ്തിരുന്നത്. മുറികളിൽ കയറുമ്പോൾ വീട്ടുകരിൽ ആരുടെയെങ്കിലും സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. മാത്രമല്ല, നാട്ടിൽ പോകുമ്പോൾ ബാഗ് പാക്ക് ചെയ്തത് വരെ വീട്ടുകാരെ ഉപയോഗപ്പെടുത്തി കൊണ്ടാണ്. ആർക്കും സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നെന്ന് ഇപ്പോഴാണ് വീട്ടുകാർ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാര്യം യുവതി വെളിപ്പെടുത്തിയതോടെ ഇവർ പോലീസിൽ പരാതി നൽകിയത്. കൊടിഞ്ഞിയിലെ വീട്ടിലും ഇത് പോലെ ആയിരുന്നു. സംശയിക്കാതിരിക്കാൻ ഇവർ ദിവസവും വീട്ടുകാർക്ക് ഫോൺ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചിരുന്നു.
ഇന്നലെ യുവതിയെ ഗൂഡല്ലൂരിൽ കൊണ്ടു പോയി മോഷ്ടിച്ച സ്വർണം കണ്ടെടുത്തു. എസ്ഐ എൻ.മുഹമ്മദ് റഫീഖ്, സീനിയർ സി പി ഒ സുബൈർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. ഒരു പവൻ ഒഴികെ ബാക്കി സ്വർണം കിട്ടി. റഫീഖിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും 9 പവൻ സ്വർണവും നേരത്തേ ലഭിച്ചിരുന്നു. യുവതി അവസാനം ജോലി ചെയ്ത തലക്കടത്തൂരിലെ വീട്ടിലും മോഷണം നടന്നതായി വീട്ടുകാർ പരാതിപ്പെട്ടു. ഒരു പവൻ സ്വർണവും 5000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്.

error: Content is protected !!