തൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ) നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാർ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷൻ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വിയ്യൂർ പോലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പോലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തൃശൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ പോലീസുദ്യോഗസ്ഥനോട് കാർക്കശ്യത്തോടെ സംസാരിച്ചുവെന്നും അപ്പോൾ പോലീസുകാരൻ പരാതിക്കാരന്റെ തോളിൽ കൈവച്ച് സബ് ഇൻസ്പെക്ടറുടെ മുറിയിലെത്തിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ പോലീസുദ്യോഗസ്ഥൻ ബലമായി പിടിച്ച് എസ്. ഐ യുടെ മുറിയിലേയ്ക്ക് കൊണ്ടുപോയതാവാം പരാതിക്ക് കാരണമായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം എന്നതു സംബന്ധിച്ച് മുമ്പും നിരവധി ഉത്തരവുകൾ പാസ്സാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സമർപ്പിച്ച പരാതിയിലാണ് നടപടി.