താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം : താനൂർ തൂവൽത്തീരത്ത് കഴിഞ്ഞ വർഷം മേയ് 7 നുണ്ടായ ബോട്ടപകടത്തിൽ രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഓക്സിജന്റെ അളവ് കുറയുന്നതു കാരണമുള്ള ചികിത്സയാണ് നെടുവ കുന്നുമേൽ ഹൗസിൽ മുഹമ്മദ് ജാബിറിന്റെ മകൾ ജെർഷ തുടരുന്നത്. തലച്ചോറിൽ വെള്ളം നിറഞ്ഞതും സംസാരശേഷി നഷ്ടപ്പെട്ടതിനുമുള്ള ചികിത്സയാണ് അരിയല്ലൂർ സ്വദേശി മൺസൂറിന്റെ മകൾ ആയിഷ മെഹ്റിൻ നടത്തുന്നത്. മൺസൂറും മുഹമ്മദ് ജാബിറും തങ്ങളുടെ മക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതികളിലാണ് കമ്മീഷൻ ഇടപെട്ടത്. അടുത്ത മാസം തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ രണ്ടു കേസുകളും പരിഗണിക്കും.

error: Content is protected !!