കോഴിക്കോട്: പുതിയപാലത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നതിനാല്‍ ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജലഅതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നോട്ടീസയച്ചു. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
പുതിയപാലം ജൂമാഅത്ത് പള്ളിക്ക് മുന്നിലാണ് ജലഅതോറിറ്റി കുടിവെള്ള പൈപ്പ് മാറ്റുന്നത്. ഇതിനിടയിലാണ് പ്രധാന പൈപ്പ് പൊട്ടിയത്. പുതിയ പാലം – മൂരിയാട് റോഡില്‍ ഇത് ഗതാഗതകുരുക്കിനും കാരണമായിട്ടുണ്ട്. മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.