
ഇടുക്കി: കുരിശുമല പുതുവലിലെ 55 കുടുംബങ്ങൾ 50 വർഷത്തിലധികമായി വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ഇടുക്കി ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പ്രദേശവാസികൾക്ക് രോഗം വന്നാൽ തോളിൽ ചുമന്നാണ് റോഡിൽ എത്തിക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കുരിശുമല പുതുവൽ. തോട്ടം തൊഴിലാളികളും കൃഷിപണിക്കാരും കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു എസ്റ്റേറ്റുകൾ കടന്നു പോയാൽ മാത്രമേ കുരിശുമല പുതുവലിലെത്താൻ സാധിക്കുകയുള്ളൂ. ഇവിടേയ്ക്കുള്ള ഒരു കിലോമീറ്റർ ദൂരം കുത്തനെയുള്ള ഇറക്കവും കയറ്റവുമാണ്. ചെറിയൊരു നടപ്പാത മാത്രമാണ് ഇവിടെയുള്ളത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിനുള്ള സാധന സാമഗ്രികൾ എത്തിക്കാൻ പ്രയാസം നേരിടുന്നുണ്ട്. വീതിയുള്ള റോഡ് വെട്ടിയാൽ മാത്രമേ പ്രദേശത്ത് വാഹനങ്ങൾ എത്തുകയുള്ളൂ. ഇക്കാര്യം ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടിയായില്ല.പോബ്സ്, പെരിയയാർ, കോണിമാറ എസ്റ്റേറ്റുകളിൽ നിന്നായി 250 മീറ്റർ നീളത്തിൽ സ്ഥലം വിട്ടുകിട്ടിയാൽ റോഡ് നിർമ്മിക്കാൻ കഴിയും. ബാക്കി സ്ഥലം വിട്ടു നൽകാൻ പ്രദേശവാസികൾ തയ്യാറാണെന്ന് പറയുന്നു.
പ്രദേശത്ത് അർബുദ രോഗികളും കിടപ്പുരോഗികളുമുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്.