അധ്യാപകര്‍ ചേരിതിരിഞ്ഞു: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിനെതിരെ അധ്യാപികമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഉപമേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം ഉപമേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്.

തൃശൂര്‍ പാടൂര്‍ എ .ഐ .ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികമാരായ പി.എം. സബൂറാ , ഇ.വി. നൗഷിയ എന്നിവര്‍ നല്‍കിയ പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന സജ്‌ന ഹുസൈനെതിരെയാണ് പരാതി. സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസില്‍ പിരിച്ചുവിട്ടതോടെയാണ് അധ്യാപകര്‍ക്ക് ഇടയില്‍ ചേരിതിരിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഉപമേധാവി കമ്മീഷനെ അറിയിച്ചു. ക്യത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്ന സജ്‌ന ഹുസൈന്‍ ചില രേഖകള്‍ പോലീസിനും ആര്‍.ഡി .ഡി. ഓഫീസിനും കൈമാറി. ഇതില്‍ അധ്യാപകര്‍ക്കിടയില്‍ സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടായി. അനാവശ്യ ഭയമാണ് പരാതിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് പരാതിക്കാരായ അധ്യാപകരെ നേരില്‍ കേട്ട് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവായത്. കേസ് ഒക്ടോബര്‍ 17 ന് പരിഗണിക്കും.

error: Content is protected !!