സർക്കാർ നോട്ടീസിൽ ഭീഷണി കലർന്ന ഭാഷ വേണ്ട : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് നഗരസഭകളും പഞ്ചായത്തും പൊതുജനങ്ങൾക്ക് നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന ഭീഷണിയുടെ സ്വരം കലർന്ന ഭാഷയിൽ കാലികമായ മാറ്റങ്ങൾ വരുത്തി കാര്യ മാത്ര പ്രസക്തമായി തയ്യാറാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇത്തരം നോട്ടീസുകൾ പൊതുജനങ്ങളെ പ്രകോപിപ്പിക്കുമെന്നും നോട്ടീസിലെ പ്രയോഗങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയതാണെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മാപ്പപേക്ഷയുടെ പ്രയോഗത്തിലും മറ്റും സർക്കാർ കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്തിയ സാഹചര്യത്തിൽ ഇത്തരം നോട്ടീസുകളിലും മാറ്റം വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കുഴൽമന്ദം ഗ്രാമപഞ്ചായത്ത് വീട്ടു നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പരാതിപ്പെട്ട് നൊച്ചുള്ളി സ്വദേശിയും കർഷകനുമായ കെ. കെ. രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

കേരള പഞ്ചായത്ത് വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ പ്രകാരമാണ് നോട്ടീസ് നൽകിയതെന്നും ഇത് ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ലെന്നും കുഴൽമന്ദം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ അധികാരഭാഷയ്ക്ക് പകരം സൗഹൃദ ഭാഷയാണ് അഭികാമ്യമെന്ന് പരാതിക്കാരൻ വാദിച്ചു.

error: Content is protected !!