അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം : നടപടി ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ രാത്രികളിൽ പരിശോധന നടത്തുന്നതിന് ഡോക്ടറെ നിയമിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ വിശദീകരണം വാങ്ങി. ആശുപത്രിയിലെ പ്രധാന അപര്യാപ്തത പുതിയ കെട്ടിടമാണെന്നും ഇത് നിർമ്മിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ തസ്തിക മാത്രമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗത്തിൽ നാലു ഡോക്ടർമാരുടെയെങ്കിലും സേവനം ആവശ്യമാണ്. വേണ്ടത്ര സൗകര്യമില്ലാതെ പ്രസവകേസുകൾ കൈകാര്യം ചെയ്യാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പോരായ്മകൾ നിലവിലുള്ള സൗകര്യങ്ങളിൽ നിന്നു കൊണ്ട് പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ആശുപത്രി സൂപ്രണ്ടിന് നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ പരാതി പരിഹരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. പൊതു പ്രവർത്തകനായ അരീക്കോട് കുനിയിൽ കെ. ടി. അബ്ദു സമദ് സമർപ്പിച്ച പരാതിയിലാണ് നടപടി.

error: Content is protected !!