പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ – ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നവംബര്‍ 18 (ശനി) രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം.
——-
പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളി സ്‌കോളർഷിപ്പ്
പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് പത്താം ക്ലാസുവരെ പ്രതിവർഷം 4500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ 2022-23 അധ്യയന വർഷം നാല്, ഏഴ് ക്ലാസുകളിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ചവരായിരിക്കണം. അപേക്ഷയും വിശദ വിവരങ്ങളും എല്ലാ ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. ഫോൺ: 0483 2734901.
——-
അപേക്ഷ ക്ഷണിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന യുവ സംരംഭകർക്കായി നടപ്പാക്കുന്ന കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024ൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെസ്റു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ് ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം ഒരുലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം. സംയുക്ത സംരംഭങ്ങളും അനുവദിക്കും. മൾട്ടി പർപ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം പത്തുലക്ഷം രൂപയുടെ പ്രോജക്ടുകൾക്ക് ബാങ്ക് വായ്പ അനുവദിക്കും. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21നും 45നും മധ്യേ പ്രായമുള്ള രണ്ടിൽ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0483 2734737.