വേങ്ങര മണ്ഡലത്തിന് കോളടിച്ചു, 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി; മേല്‍പാതക്കും അഗ്നിരക്ഷാ സേന യൂണിറ്റിനും അനുമതി, അംഗീകാരം ലഭിച്ചിരിക്കുന്നത് ഇരുപതോളം പദ്ധതികള്‍ക്ക്

വേങ്ങര : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2024 സംസ്ഥാന ബജറ്റില്‍ വേങ്ങര മണ്ഡലത്തില്‍ 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി. വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നിര്‍ദേശിച്ച മേല്‍പ്പാതയ്ക്ക് 50 കോടി രൂപയുടെയും കൊളപ്പുറത്ത് നിര്‍മിക്കുന്ന അഗ്‌നിരക്ഷായൂണിറ്റിന് അഞ്ചുകോടി രൂപയുടെയും പദ്ധതികളുള്‍പ്പെടെ ഇരുപതോളം പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

വേങ്ങര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണില്‍ നിലവിലെ റോഡില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാവും. ഇതിനായി ടോക്കണ്‍ തുക നല്‍കി പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. 50 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. കൂടാതെ ഏറെ കാലത്തെ കാത്തിരിപ്പായ വേങ്ങര മണ്ഡലത്തിലെ അഗ്നിരക്ഷാ യൂണിറ്റിന് അഞ്ച് കോടി അനുമതി നല്‍കിയതും വേങ്ങരക്ക് ആശ്വാസം നല്‍കുന്നതാണ്.

ഊരകം നെടുവക്കാട് നെടിയിരുപ്പറോഡ് 1.2 കോടി, കണ്ണമംഗലം പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടം രണ്ടുകോടി, വലിയോറ തേര്‍ക്കയം പാലം 24 കോടി, ആട്ടീരി പാലം 24 കോടി, മമ്പുറം മൂഴിക്കല്‍ റെഗുലേറ്റര്‍ 20 കോടി, മറ്റത്തൂര്‍ പാലം 10 കോടി, പുത്തൂര്‍ ബൈപ്പാസില്‍ നടപ്പാതനിര്‍മാണം നാലു കോടി, പറപ്പൂര്‍ പാറയില്‍ ആരോഗ്യകേന്ദ്രം ഒരു കോടി, കണ്ണമംഗലം മൃഗാശുപത്രി രണ്ടുകോടി എന്നിങ്ങനെയും ബജറ്റില്‍ തുക അനുവദിച്ചു.

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രം രണ്ടുകോടി, പറപ്പൂര്‍ ഹോമിയോ ആശുപത്രി രണ്ടുകോടി, ഒതുക്കുങ്ങല്‍ പാണക്കാട് റോഡ് നവീകരണം അഞ്ചുകോടി, ഒതുക്കുങ്ങല്‍ കുടുംബാരോഗ്യകേന്ദ്രം ഒരുകോടി, തരിപ്പാറ വി.സി.ബി. ഒരുകോടി, വേങ്ങര ആയുര്‍വേദ ആശുപത്രികെട്ടിടം നാലുകോടി, വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി 1.5 കോടി, കാരാത്തോട് കൂരിയാട് റോഡ് ഏഴുകോടി, വേങ്ങര മിനി സിവില്‍സ്റ്റേഷന്‍ മൂന്നുകോടി എന്നീ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ അംഗീകരിച്ചത്.

അതേസമയം ഇതില്‍ ഊരകം നെടുവക്കാട് റോഡിന് 20 ശതമാനം തുക വകയിരുത്തിയതൊഴിച്ചാല്‍ മറ്റുള്ളവയ്‌ക്കെല്ലാം ടോക്കണ്‍ തുക മാത്രമാണനുവദിച്ചിട്ടുള്ളത്.

error: Content is protected !!