![](https://tirurangaditoday.in/wp-content/uploads/2025/02/IMG-20250215-WA0204-1024x634.jpg)
കോട്ടക്കൽ : പഠനത്തോടൊപ്പം വരുമാനമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് (ഐഒസി) കോട്ടക്കല്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദായകരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവ് പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ മികച്ച ആശയങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. ഇത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി യങ്ങ് ഇന്നവേറ്റേഴ്സ് പദ്ധതി വഴി അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ സര്‍ക്കാര്‍ സഹായം നല്‍കിവരുന്നുണ്ട്. സ്റ്റാര്‍ടപ് മിഷന്റെ പിന്തുണയും വിദ്യാര്‍ഥി സംരംഭകര്‍ക്ക് ഉറപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐഒസി പദ്ധതി ആരംഭിക്കുന്ന ആദ്യ വനിതാ കലാലയമാണ് കോട്ടക്കല്‍ ഗവ. പോളിടെക്നിക്. പിനാക്കിള്‍ ടെക്നോളജീസിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീന്‍ തയ്യില്‍, വാര്‍ഡ് അംഗം ടി സുബൈദ, സാങ്കേതി വിദ്യാഭ്യാസ വകുപ്പ് റീജിണല്‍ ജോയന്റ് ഡയറക്ടര്‍ ജെ.എസ് സുരേഷ്‌കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി എം ഫിറോസ്, ഐഒസി സംസ്ഥാന കോഡിനേറ്റര്‍ ഡോ. എം പ്രദീപ്, നോഡല്‍ ഓഫീസര്‍ എംപി വിനീത്, സ്റ്റുഡന്റ്സ് യൂനിയന്‍ ചെയര്‍പേഴ്സന്‍ വിപി അര്‍ച്ചന, പിടിഎ വൈസ് പ്രസിഡന്റ് അബൂബക്കര്‍ പാമ്പോടന്‍, പിനാക്കിള്‍ ടെക്നോളജീസ് പ്രതിനിധി നൗഫല്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു.