സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു ; 15 ബസുകളില്‍ അപാകത കണ്ടെത്തി

പെരിന്തല്‍മണ്ണ : വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, ബസുകളുടെ വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കര്‍’ പതിച്ച് കൊടുത്തു. വേഗപ്പൂട്ട്, ജി പി എസ്, ടയര്‍, ബ്രേക്ക് എന്നിവയില്‍ തകരാര്‍ കണ്ടെത്തിയ 15 സ്‌കൂള്‍ ബസുകള്‍ അധികൃതര്‍ തിരിച്ചയച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും പരിശോധനക്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാന ബാലാവകാശ കമീഷന്റെ ഉത്തരവ് അനുസരിച്ചുള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും കൈമാറുകയും ചെയ്തു. അവ കര്‍ശനനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് പി കെ മുഹമ്മദ് ഷഫീഖ്, എം എം വി ഐ. പി ജെ റജി, എ എം വി ഐമാരായ അബ്ദുല്‍ കരീം ചാലില്‍, കെ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്. സ്‌കൂള്‍ ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്ര ഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാന്‍ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാകാത്ത ഒരു സ്‌കൂള്‍ വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

error: Content is protected !!