പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം ; ഫോണ്‍ ഒരു തവണ ഓണായി, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം: പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം. വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോണ്‍ ഒരു തവണ ഓണായിട്ടുണ്ട്. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. തുടര്‍ന്ന് മറുവശത്തുള്ളയാള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു. ഫോണ്‍ ഓണായ ഊട്ടികുനൂര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.

സംഭവത്തില്‍ അന്വേഷണസംഘം തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കോയമ്പത്തൂര്‍, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറി. വാളയാര്‍, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ വിഷ്ണുജിത്ത് കഴിഞ്ഞ 4ന് വൈകിട്ട് 7.45ന് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരം നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ സൗത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിലൂടെ യുവാവ് കടന്നു പോവുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!