ക്ലർക്ക്, അറ്റന്റർ നിയമനം, കമ്പ്യൂട്ടർ പരിശീലനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും

കോടതിപ്പിഴ ഈടാക്കുന്നതിനായി തിരൂർ താലൂക്ക് കോട്ടക്കൽ വില്ലേജിൽ റീ സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ഏപ്രിൽ അഞ്ചിന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

————–

അറ്റന്റർ നിയമനം

വേങ്ങര ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള അറ്റന്ററെ നിയമിക്കുന്നു. എ ക്ലാസ് ഹോമിയോ മെഡിക്കൽ പ്രാക്റ്റീഷനറുടെ കീഴിൽ പ്രവൃത്തി പരിചയം, ഉയർന്ന വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം മാർച്ച് 11ന് രാവിലെ പത്തിന് വേങ്ങര പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2450226.

—————

അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപ കേന്ദ്രത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന അവധികാല കമ്പ്യൂട്ടർ കോഴ്‌സുകളായ ഡാറ്റ എൻട്രി ആൻ്റ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി, പൈത്തൺ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സിക്കാർക്കും ഇപ്പോൾ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ഡിജിറ്റൽ ലിറ്ററസി കോഴ്‌സിന് ഏഴാം ക്ലാസ് കഴിഞ്ഞവർക്കുമാണ് അവസരം. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്റർ, ഐ.ജി.ബി.ടി ബസ് സ്റ്റാൻഡ്, കച്ചേരിപ്പടി, എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

———————

വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നടപ്പാക്കുന്ന നാല് ലക്ഷം രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽനിന്നുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകളിലോ ലാഭകരമായി പ്രവർത്തിക്കുന്ന സർക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലിചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വ്യക്തിഗത വായ്പ ലഭിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. (മലപ്പുറം പെരിന്തൽമണ്ണ റോഡിൽ സ്ഥിതി ചെയ്യുന്ന (അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം). ഫോൺ : 04832731496, 9400068510.

———————-

പ്രവേശനം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ കീഴിൽ പൊന്നാനി പഴയ മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ(KIHAS) ടോട്ടൽ സ്റ്റേഷൻ സർവേ ജി.പി.എസ് ആൻഡ് ഓട്ടോകാഡ് കോഴ്സിലേക്ക് പ്രവേശനം ആരഒഭിച്ചു. 15 ദിവസത്തെ കോഴ്സിന്റെ ക്ലാസുകൾ മാർച്ച് 20ന് ആരംഭിക്കും. പ്ലസ്ടു സയൻസ്, ഐ.ടി.ഐ/ഡിപ്ലോമ/സിവിൽ എഞ്ചിനീയറിംഗ് യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0484 2701187, 8139052527, 9446326408. വെബ്സൈറ്റ്: www.kihas.org.

——————-

ഓപ്പറേഷൻ തീയേറ്റർ മെക്കാനിക്ക്‌ നിയമനം

മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനതിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഗവ. മെഡിക്കൽ കോളജിൽ/ 200 ബെഡുള്ള ആശുപത്രികളിൽ നിന്നും തിയേറ്റർ ടെക്‌നീഷ്യൻ/ അനസ്‌തേഷ്യ ടെക്‌നീഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം മാർച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭിക്കും. ഫോൺ: 0483 2762 037.

———————————

വനിതാ ദിനം: കെൽട്രോണിൽ ഫീസിളവ്

വനിതാദിനത്തോടനുബന്ധിച്ച് കെൽട്രോണിൽ ഇന്ന് (മാർച്ച് എട്ട്) മുതൽ ഏപ്രിൽ എട്ടുവരെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിലേക്ക്് വനിതകൾക്ക് ഫീസ് ഇളവോടെ പ്രവേശനം നേടാം. ഫീസിളവിന് അടുത്തുള്ള പഠനകേന്ദ്രത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 9072592412, 9072592416.

——————-

വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റ് അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. പൈത്തൺ, പി.എച്ച്.പി, ജാവാ, സി++ എന്നീ പ്രോഗ്രാമിങ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിങ് ഹാർഡ്‌വെയർ, നെറ്റ്‌വർക്കിങ്, റോബോട്ടിക്‌സ് വീഡിയോ സർവൈലൻസ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും വൈബ്രൻറ് ഐ.ടിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിങ്, ആഗ്മെൻറഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെൻറ് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകും.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സിഡിറ്റിനെർ അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. ക്ലാസ്സുകൾ ഏപ്രിൽ ഒന്നിന് ആരംഭിച്ച് മെയ് 31നു അവസാനിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്‌കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവുപുലർത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. രജിസ്‌ട്രേഷൻ bit.ly/48Goc0z എന്ന ഗൂഗിൾ ലിങ്കുവഴി ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

———————

തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ യോഗം 11ന്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ട ഹരിത ചട്ടങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം മാർച്ച് 11ന് ഉച്ചക്ക് രണ്ടിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

———————-

പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തച്ചിങ്ങനാടത്ത് പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് (ആൺകുട്ടികൾ) ഹോസ്റ്റലിലേക്ക് 2024-2025 വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട ആൺകുട്ടികളായിരിക്കണം. മറ്റ് സമുദായത്തിൽ ഉൾപ്പെട്ട (പരമാവധി മൂന്നുപേർക്ക്) വിദ്യാർഥികള്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷാ ഫോറം പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, തച്ചിങ്ങനാടം ഗവ. പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. അപേക്ഷകൾ മെയ് 25ന് മുമ്പായി പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9495675595, 7012574955,7025699807, 8547630139.

———————

ക്ലർക്ക് നിയമനം

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നു. അഭിമുഖം മാർച്ച് 14ന് രാവിലെ 10.30ന് ബ്ലോക്ക് ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സിയും ഡി.സി.എയുമാണ് യോഗ്യത. പ്രവൃത്തി പരിചയവും അധിക യോഗ്യതയുമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 04832850047.

———————–

error: Content is protected !!