കളര്‍കോട് വാഹനാപകടം : കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി പൊലീസ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്. കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍.

അപകടമുണ്ടായത് തൊട്ടുമുന്‍പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാര്‍ ഓടിച്ച തൃപ്പൂണിത്തൂറ കണ്ണന്‍കുളങ്ങര സ്വദേശിയായ ഗൗരീശങ്കര്‍ മൊഴി നല്‍കിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിര്‍വശത്തുനിന്നു കെഎസ്ആര്‍ടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസില്‍ ഇടിച്ചു കയറിയതെന്നും ഗൗരിശങ്കര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തില്‍ മുഹ്‌സിനും ചികിത്സയില്‍ തുടരുകയാണ്. അതീവ ഗുരുതരാവസ്ഥയില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരില്‍ എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം പോരുവഴി കാര്‍ത്തിക വീട്ടില്‍ ആനന്ദ് മനു, ചേര്‍ത്തല മണപ്പുറത്ത് വീട്ടില്‍ കൃഷ്ണദേവ് എന്നിവരുടെ നില അല്‍പം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍നിന്നു മാറ്റി. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റണ്‍ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങി.

error: Content is protected !!