എആര്‍ നഗര്‍ : രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു വയനാടിലെ ഉരുള്‍പൊട്ടല്‍. മൂന്നു ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങിയ ഉരുളില്‍ എട്ട് ദിവസമായിട്ടും ആളുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നിരവധി പേരുടെ വീടും കുടുംബവും സഹോദരങ്ങളും രക്ഷിതാക്കളും തുടങ്ങി ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തീരാ വേദനയിലാണ്. വയനാടിനായി നാടൊന്നിച്ച് ഒരുമയായി കൈക്കോര്‍ക്കുമ്പോള്‍ പലയിടത്ത് നിന്നും മനസിനെ തട്ടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് എആര്‍ നഗര്‍ പഞ്ചായത്തിലുമുണ്ടായിരിക്കുന്നത്.
സൈക്കിള്‍ വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ പണം വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയ ഒരു കുഞ്ഞാണ് ഇപ്പോള്‍ താരം. ‘എനിക്ക് സൈക്കിള്‍ വാങ്ങണ്ട, ആ പൈസ ഓല്‍ക്ക് കൊടുക്കാ, എന്റെ ഡ്രസ്സും വേണമെങ്കില്‍ കൊടുക്കാ, ഓല് പാവല്ലേ….’ രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്ത ടിവിയില്‍ കണ്ട ഉടനെ കുഞ്ഞു റയഫാത്തിമ പറഞ്ഞ വാക്കുകളാണിത്. അവളുടെ ഉമ്മ പറയുകയാണ് ഓരോ ദിവസവും വാര്‍ത്ത കേള്‍ക്കുമ്പോള്‍ മോള് ഇത് തന്നെ പറഞ്ഞു കൊണ്ടേയിരുന്നു,, എന്താ നമ്മള്‍ കൊടുക്കല്ലേ എന്താ കൊടുക്കാത്തത് കൊണ്ട് കൊടുക്കല്ലേ എന്നെല്ലാം,, പറഞ്ഞ് നിര്‍ബന്ധം പിടിച്ച കാര്യവും പറഞ്ഞു. സൈക്കിള്‍ വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ പണം വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയത് ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി – സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയയാണ്.
മകള്‍ ഇങ്ങനെ പറയുന്നുണ്ടെന്ന് പറഞ്ഞു കുഞ്ഞു റയയുടെ ഉമ്മ വിളിച്ചിരുന്നു എന്ന് വാര്‍ഡ് മെമ്പര്‍ ഓസി മൈമൂനത്തില്‍ നിന്ന് അറിഞ്ഞപ്പോള്‍ അവര്‍ ആരുടെ കയ്യില്‍ ഏത് വഴിയിലൂടെ ക്യാഷ് കൊടുക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിക്കാന്‍ പറഞ്ഞത് പ്രകാരം ചോദിച്ചപ്പോഴാണ് മോള് പഠിക്കുന്ന ഇരുമ്പുചോല ഏയുപി സ്‌കൂള്‍ മുഖേനെ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിഞ്ഞത്.
അതിന്റെ അടിസ്ഥാനത്തിലാണ് മെമ്പറുടെ ഭര്‍ത്താവ് ഓസി മൊയ്തീന്‍ പിടിഎ ഭാരവാഹികളായ എന്നെയും തയ്യില്‍ സൈഫുദ്ദീനെയും കൂട്ടി ആ വീട്ടിലെത്തിയത്,, കുഞ്ഞുമകളെയും അവളുടെ ഉമ്മയെയും ഉമ്മുമ്മയെയും കാണുകയും സംസാരിക്കുകയും ചെയ്തു,,
കുഞ്ഞുമകളുടെ കാരുണ്യത്തിന്റെ,ദയയുടെ,ദീനാനുകമ്പത്തിന്റെ വാക്കുകളാണ് മൂവരില്‍ നിന്നും അവര്‍ക്ക് വീണ്ടും വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞത്. ഒടുവില്‍ പിടിഎ ഭാരവാഹികള്‍ ഈ തുക ഹെഡ്മാസ്റ്റര്‍ക്ക് തന്നെ കൈമാറട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.