തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. നിരവധി നിയമ പോരാട്ടങ്ങള്‍ക്കും വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമ സഭ പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായി കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി ഉത്തരവിറക്കിയത്.
2016 നവംബര്‍ 19 നാണ് ഇസ്‌ലാമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസ് എട്ട് വര്‍ഷത്തിനിപ്പുറവും വിചാരണ തുടങ്ങാത്തത് സര്‍ക്കാര്‍ വക്കീലിനെ നിയമിക്കാത്തത് കൊണ്ടായിരുന്നു. 2020 മുതല്‍ വിചാരണ തിയ്യതി നിശ്ചയിക്കാന്‍ കോടതി ചേരുന്നുണ്ടെങ്കില്‍ ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജറാകാനില്ലാത്തതിനാല്‍ ഇരുപത് തവണയാണ് കേസ് മാറ്റിവെക്കപ്പെട്ടത്.
ഫൈസലിന്റെ ഭാര്യ ജസ്‌ന അപേക്ഷ സമര്‍പ്പിച്ചിട്ടും അനുകൂല നിലപാടെടുക്കാതിരുന്ന സര്‍ക്കാറിനെതിരെ നിയമ സഹായ സമിതിയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു. 2024 ജൂലൈ 27ന് കുമാരന്‍ കുട്ടിയെ നിയമിക്കണമെന്ന ഉത്തരവിറങ്ങിയെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് പിന്നാലെ യൂത്ത് ലീഗ്, എസ്ഡിപിഐ തുടങ്ങി നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ കെപിഎ മജീദ് എംഎല്‍എ നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി ഉത്തരവിറക്കിയത്. ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയ കുമാരന്‍ കുട്ടിയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് കുടുംബം പ്രതികരിച്ചു.
ഒക്ടോബര്‍ രണ്ടിന് മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പ്രതിഷേധ സംഗമവും ചെമ്മാട് ടൗണിലെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ നടന്നിരുന്നു. ഫൈസലിന്റെ കുടുംബമടക്കം പങ്കെടുത്ത പ്രതിഷേധത്തില്‍ ആയിരങ്ങളാണ് അണിനിരന്നിരുന്നത്. ഇനിയും വിഷയം നീട്ടികൊണ്ടുപോയാല്‍ ഈ മാസം ഇരുപതിന് ശേഷം ഹൈവേ ഉപരോധമടക്കം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. മാത്രവുമല്ല പ്രതിഷേധം ഉദ്ഘാടനം ചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ കോടതിയില്‍ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.