
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര വിദ്യഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ മജീദ് എം.എല്‍.എ. കെ.ജി ക്ലാസ് മുതല്‍ ഉന്നത വിദ്യഭ്യാസം വരെയുള്ള വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികളാണ് ഇന്ന പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിധ്യാര്‍ഥികളുടെ ഉന്നമനത്തിനായി ‘വിദ്യാതീരം ‘ തുടങ്ങി വിവിധ പദ്ധതികളാണ് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി മജീദ് എം.എല്‍.എ പ്രഖ്യാപിച്ചത്. ഇതിനായി മണ്ഡലത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു.
ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് മുഖ്യാതിഥിയായ ചടങ്ങില്‍ മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 847 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എല്ലാ വിദ്യാര്‍ത്ഥികളെയും എം.എല്‍.എ സ്‌നേഹോപഹാരം നല്‍കി സ്വീകരിച്ചു. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ച സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു.
രാവിലെ ഒന്‍പത് മണിയോടെ ആരംഭി പരിപാടിയില്‍ മുന്‍ എം.എല്‍.എ അഡ്വ.പി.എം.എ സലാം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ അധ്യക്ഷരായ കെ.പി മുഹമ്മദ് കുട്ടി, എ ഉസ്മാന്‍, ജലീല്‍ മണമ്മല്‍, ലിബാസ് മൊയ്തീന്‍, പി.കെ റൈഹാനത്ത്, എം.കെ ബാവ, പി.എസ്.എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, സി ചെറിയാപ്പു ഹാജി, പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പള്‍ കെ അബ്ദുല്‍ അസീസ്, കൃഷ്ണന്‍ കോട്ടുമല, കെ രാംദാസ് മാസ്റ്റര്‍, മോഹന്‍ വെന്നിയൂര്‍, അഹമ്മദ് സാജു, മുഹമ്മദ് യാസീന്‍, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, ഫവാസ് പനയത്തില്‍, സലാഹുദ്ധീന്‍ തെന്നല, അര്‍ഷദ് ചെട്ടിപ്പടി, ജാസിം പറമ്പില്‍, ശ്രീരാഗ് മോഹന്‍, സി.പി മുസ്തഫ പ്രസംഗിച്ചു.