Monday, August 18

കൊടിമരവും പതാകയും ഏറ്റുവാങ്ങി ; കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന് തുടക്കം

തേഞ്ഞിപ്പലം : കൊടിമരവും പതാകയും ഏറ്റുവാങ്ങി. കെ എസ് കെ ടി യു 23 മത് മലപ്പുറം ജില്ല സമ്മേളനത്തിന് ഇന്ന് പെരുവള്ളൂരില്‍ തുടക്കം. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ജില്ലയില്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ അന്തരിച്ച സി പരമേശ്വരന്റെ ചെനക്കലങ്ങാടിയിലെ ‘സപ്തസ്വര’ വീട്ടില്‍ നിന്നും മാതാവ് ചെനക്കപറമ്പില്‍ കുഞ്ഞാകയും മകള്‍ മുകിലയും ചേര്‍ന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജില്ല സെക്രട്ടറി ഇ ജയന് കൈമാറി.

സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ ഇ നരേന്ദ്രദേവ് അധ്യക്ഷനായി. ഏരിയ പ്രസിഡണ്ട് സി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. എന്‍ രാജന്‍, അയ്യപ്പന്‍ കോഹിനൂര്‍, വി പി ചന്ദ്രന്‍, എ പ്രേമന്‍, എം ബിജിത, കെ ഉണ്ണിക്കമ്മു എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

പെരുവള്ളൂരില്‍ കര്‍ഷക പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച കെ പി നീലകണ്ഠന്റെ വട്ടപറമ്പിലെ വീട്ടില്‍ നിന്നും ഭാര്യ പി ലക്ഷ്മി കൊടിമരം ജില്ലാ പ്രസിഡന്റ് എം പി അലവിക്ക് കൈമാറി. സമ്മേളന സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി പി വിശ്വനാഥന്‍ അധ്യക്ഷനായി. വി പി ബേബി സ്വാഗതവും ടി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം ശോഭന, ജില്ലാ കമ്മിറ്റി അംഗം കെ ഓമന, ഏരിയ ട്രഷറര്‍ സി രാജേഷ് എന്നിവരുള്‍പ്പടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

ബുധനാഴ്ച രാവിലെ 10ന് പറമ്പില്‍ പീടിക സി പരമേശ്വരന്‍ നഗറില്‍ (സി പി ഓഡിറ്റോറിയം) കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ പ്രസിഡണ്ടും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച വൈകിട്ട് 6ന് സംസ്‌ക്കാരിക സമ്മേളനം നടക്കും. ‘ ഇന്ത്യയും ഇടതുപക്ഷവും ‘ എന്ന വിഷയത്തില്‍ ഡോ. അനില്‍ ചേലേമ്പ്ര സംസാരിക്കും. തുടര്‍ന്ന് തേഞ്ഞിപ്പലം ഗോത്ര നാടക ഗവേഷണ കേന്ദ്രത്തിലെ റിജു ഗോത്രയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകള്‍ അരങ്ങേറും.

പഴയ കാല കര്‍ഷക തൊഴിലാളികളെ സമ്മേളനത്തില്‍ ആദരിക്കും. വ്യാഴാഴ്ച സമാപിക്കുന്ന സമ്മേളനത്തില്‍ കെ എസ് കെ ടി യു സംസ്ഥാന പ്രസിഡണ്ട് എന്‍ ആര്‍ ബാലന്‍, സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശന്‍, കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയംഗം ലളിത ബാലന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍ ചിന്നക്കുട്ടന്‍, സംസ്ഥാന ജോയന്റ് സെക്രട്ടറി കെ കെ ദിനേശന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

error: Content is protected !!