കെ.എസ്.യു മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പൊലീസ് മര്‍ദ്ദനം ; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരെ അടക്കം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചില്‍ പങ്കെടുത്തവക്കെതിരെ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.

മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് വുമണ്‍സ് കോളജിന് സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റു.

error: Content is protected !!