മലപ്പുറം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി ‘എന്റെ ഹോട്ടല്‍ ‘ ജീവനക്കാര്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുമായി സഹകരിച്ച് നല്‍കുന്ന പരിശീലനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
ശുചിത്വം, രുചി എന്നിവയ്ക്ക് പ്രധാന്യം നല്‍കി കലര്‍പ്പില്ലാത്ത ഭക്ഷണം നല്‍കിയാല്‍ ജനകീയ ഹോട്ടലുകള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് എം.പി പറഞ്ഞു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു.
ഹോട്ടല്‍ മാനേജ്‌മെന്റ്, പുതിയ വിവഭവങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിങ് എന്നിവയിലാണ് പരിശീലനം. പരിശീലനം ഏപ്രില്‍ 19ന് സമാപിക്കും. ഉച്ചഭക്ഷണത്തിന് പുറമെ മറ്റു വിഭവങ്ങള്‍ കൂടെ തയ്യാറാക്കുന്നതില്‍ പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. നിലവില്‍ കൂടുതല്‍ ഹോട്ടലുകളും ഉച്ചഭക്ഷണം മാത്രമാണ് നല്‍കുന്നത്.
ചടങ്ങില്‍ നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് ഡയറക്ടര്‍ വി ഉമ്മര്‍ കോയ, കുടുംബശ്രീ പ്രൊജക്ട് മാനേജര്‍ കെ നൗഫല്‍, പ്രോഗ്രാം ഓഫീസര്‍ സി ദീപ എന്നിവര്‍ സംസാരിച്ചു.