പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പട്ടയം ലഭിച്ച ഭൂമിയിലൊരു വീടാണ് ആഗ്രഹമെന്നും ചന്ദ്രൻ പറഞ്ഞു.