പൊതുജനാരോഗ്യനിയമം: പ്രാദേശിക സമിതികള്‍ വിളിച്ചുചേര്‍ക്കും

മലപ്പുറം : പൊതുജനാരോഗ്യനിയമം ശക്തമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പറഞ്ഞു. നിയമം സംബന്ധിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി വിവരങ്ങള്‍ നല്‍കണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കണമെന്നും ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പ്രാദേശിക പൊതുജനാരോഗ്യ സമിതികള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെയും മനുഷ്യനെയും ഒന്നായിക്കാണുന്ന ഏകലോകം, ഏകാരോഗ്യം എന്ന ആശയമാണ് പുതിയ പൊതുജനാരോഗ്യനിയമത്തിന്റെ സത്തയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക വിശദീകരിച്ചു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മഴക്കാലപൂര്‍വശുചീകരണവും സാംക്രമികരോഗങ്ങള്‍ക്കെതിരായ പ്രതിരോധവും ശക്തമാക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.

ഹെല്‍ത്ത് ലാബുകളിലും ആശുപത്രികളിലും സാംക്രമികരോഗങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ബയോമെഡിക്കല്‍ മാലിന്യം ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാത്ത ആരോഗ്യസ്ഥാപനങ്ങള്‍ക്കെതിരെ 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പുഴകളിലും ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍ക്കുന്ന വ്യവസ്ഥകളാണ് പുതിയ പൊതുജനാരോഗ്യനിയമത്തിലുള്ളത്. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാം.

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. ഡ്രെയിനേജില്‍ മാലിന്യം നിക്ഷേപിക്കുകയും ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്. പൂച്ചകളെയും നായകളെയും വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പേ വിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുത്തില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ 2000 രൂപ വരെ പിഴ ചുമത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

കമ്യൂണിറ്റി മെഡിസിന്‍ അസോ. പ്രൊഫ. ഡോ. അനീഷ്, പബ്ലിക് ഹെല്‍ത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ സുരേഷ് കുമാര്‍ എന്നിവര്‍ പൊതുജനാരോഗ്യനിയമം വിശദീകരിച്ചു. എ.ഡി.എം കെ. മണികണ്ഠന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ഒ.പി അഷ്‌റഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!