
പെരുവള്ളൂർ : പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്നതും അരനൂറ്റാണ്ടിലധികമായി പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിച്ചുവരുന്നതുമായ രണ്ടാം വാർഡിലെ വലക്കണ്ടി ആലുങ്ങൽ ഉത്രം വീട് (അംഗൻവാടി റോഡ് ) റോഡിൻറെ സ്വച്ഛനാവസ്ഥയിൽ പ്രതിഷേധിച്ച് ചെനുവിൽ പ്രദേശവാസികളായ 30ഓളം കുടുംബങ്ങൾ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.നിരന്തരമായ പരാതികളും നിവേദനകളും വാർഡ് മെമ്പർമാരും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതിൽ മനംമടുത്താണ് പ്രദേശവാസികൾ ഈ കടുത്ത തീരുമാനമെടുത്തത്.
ടാറിങ് ചെയ്യാതെ പൂർണമായി തകർന്ന്ദുർഘടമായ അവസ്ഥയിലാണ് നിലവിൽ റോഡുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് മാതൃ പഞ്ചായത്തായിരുന്ന തേഞ്ഞിപ്പലം പഞ്ചായത്തിന് പൂർവ്വഅവകാശികൾ നിയമാനുസൃതം കൈമാറിയതും അതനുസരിച്ച് പഞ്ചായത്ത് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും ആയിരുന്നു.എന്നാൽ പിന്നീട് നിലവിൽ വന്ന പെരുവള്ളൂർ പഞ്ചായത്ത് അധികാരികൾ ഈ പ്രസ്തുത റോഡിനെ തിരിഞ്ഞു നോക്കിയിട്ടില്ല. മാത്രവുമല്ല റോഡ് പഞ്ചായത്ത് അസ്സറ്റിൽ നിലനിർത്തി സംരക്ഷിച്ചു പരിപാലിച്ചു പോരുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു.പഞ്ചായത്തിൻറെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ അനാസ്ഥമൂലം പലപ്പോഴും ഈറോഡ് ചില സ്വകാര്യ വ്യക്തികൾ കയ്യേറുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.
നിരവധി കുടുംബങ്ങളാണ് ഈ റോഡിനെആശ്രയിച്ച് താമസിക്കുന്നത്.പ്രധാനപ്പെട്ട രണ്ട് സ്കൂളുകൾ രണ്ട് പ്രൈവറ്റ് റോഡുകൾ വിശാലമായ വയൽ കൂടാതെ വലക്കണ്ടി അംഗൻവാടിയിലേക്കുള്ള ഏകവഴിയും ഇതുതന്നെയാണ് .ചെറിയ സ്കൂൾ വിദ്യാർത്ഥികൾ റോഡിലെ കുയിഴിലും ചെളിയിലും വീഴുന്നത് ഇവിടെ പതിവാണ്.വാഹനങ്ങൾ വരാൻ മടിക്കുന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും താമസം നേരിടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ള കിടപ്പ് രോഗികൾക്കുള്ള പാലിയേറ്റീവ് പരിചരണം മുടങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.
കുടിവെള്ള പൈപ്പ് ലൈൻ ,ഗ്യാസ്, സ്കൂൾ കാർഷിക വാഹനങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഈ റോഡ് ഉപകരിക്കാൻ കഴിയാതെ വന്നതോടെയാണ് ജനങ്ങൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
പ്രദേശത്തെ ജനങ്ങൾ അടുത്തിടെ യോഗം ചേർന്നു ഒരു ആക്ഷൻകമ്മിറ്റി രൂപീകരിക്കുകയും തങ്ങളുടെ ന്യായമായ ആവശ്യത്തോട് അധികാരികൾ ഇനിയും പുറംതിരിഞ്ഞാൽ അവരുടെ കണ്ണ് തുറപ്പിക്കുന്ന ശക്തമായ പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചു.