Wednesday, August 20

ആഡംബര ജീവിതം, കാമുകിക്ക് ലക്ഷങ്ങൾ, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ

ചേളാരിയിലും മോഷണ ശ്രമം

കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്.

പൂവാട്ടുപറമ്പിലെ വീട്ടിൽ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ടു തക൪ത്ത് അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തക൪ത്ത് 20 പവൻ സ്വ൪ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പോ൪ച്ചിൽ നിന്ന് ഇന്റ൪സെപ്റ്റ൪ ബൈക്കും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബ്രാൻഡഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതോടെയാണ് പോലീസിന്റെ വലയിലായത്.
ബികോം ബിരുദധാരിയായ ഇസ്മയിൽ ആ‍ഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കാറുള്ളത്. ഹോട്ടലുകളിൽ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. വിയ്യൂർ ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു.

തുടർന്ന് കാക്കനാട് സബ് ജയിലിലെത്തി. ഇവിടെനിന്നു പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. കാക്കനാട് സബ് ജയിലിൽനിന്നു കഴിഞ്ഞമാസം പത്തിനാണ് ഇസ്മായിൽ പുറത്തിറങ്ങിയത്. ഇതിനുശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.

മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇസ്മയിൽ. നിരവധി തവണ ഫോൺനമ്പർ മാറ്റുന്നതിനാൽ പൊലീസുകാർക്ക് മോഷ്ടാവിനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുകയാണ് പതിവ്. മലപ്പുറം ജില്ലയിലെ ചേളാരിയിലും മോഷണത്തിനു ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആമോസ് മാമ്മൻ പറഞ്ഞു.

ടൗൺ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളജ് എസ്ഐ കെ. ഹരീഷ് ,സിപിഒ പി അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!