Saturday, August 16

മലബാറിന്റെ കോളോണിയൽ ചരിത്രം തിരുത്തിക്കുറിക്കണം : ഡോ. അബ്ബാസ് പനക്കല്‍

തിരൂരങ്ങാടി : വിദേശ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതിയ മലബാറിന്റെ ചരിത്രം തിരുത്തിക്കുറിക്കണമെന്ന് ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ ഡോ. അബ്ബാസ് പനക്കല്‍ അഭിപ്രായപ്പെട്ടു. കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച മലബാറിലെ സ്ത്രീ-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നവോത്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ കാലത്ത് എഴുതപ്പെട്ട ചരിത്രമാണ് മലബാറിന്റെതായി നിലവിലുള്ളത്. അത് കോളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതപ്പെട്ടവയുമാണ്. ഇതാണ് വാഗണ്‍ കൂട്ടക്കൊല ഇന്നും വാഗണ്‍ ദുരന്തമായി ലോകം അറിയപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല ചരിത്ര വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം മുസ്ലിയാര്‍ കിങ്ങ് എന്ന കൃതിയുടെ കർത്താവുമാണ്.

കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സോഷ്യോളജി വിഭാഗം മേധാവി കെ.കെ നജ്മുന്നീസ അധ്യക്ഷയായി. അധ്യാപകരായ ഡോ. ടി. മുഹമ്മദ് സാലിഹ്, എം. റാഷിദ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!