മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ മർദനം

മലപ്പുറം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ മർദനം.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി അസ്ലമിന്‍റെ മൊഴിയെടുത്തു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ബൈക്കിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ അസ്ലമിന്‍റെ സമീപത്തേക്ക് വന്ന് ചാടി അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പമ്പിലെ മറ്റൊരു ജീവനക്കാര്‍ കൂടി വന്നതോടെ അക്രമികള്‍ പോയെങ്കിലും പിന്നീട് വീണ്ടും മര്‍ദിക്കാനായി എത്തി. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

അക്രമം നടത്തിയയാളുമായി അസ്ലമിന് നേരത്തെ മുന്‍ പരിചയമുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുമ്പും പലയിടത്തും പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു.

error: Content is protected !!