മമ്പുറം ആണ്ട് നേർച്ച ഇന്ന് സമാപിക്കും; അന്നദാനം തുടങ്ങി

തിരൂരങ്ങാടി : 184 -ാം മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും. പ്രധാന ചടങ്ങായ അന്നദാനം ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർക്ക് നെയ്ച്ചോർ പാക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സോടെ നേർച്ചയ്ക്ക് കൊടിയിറങ്ങും

ഇന്നലെ അനുസ്മരണ സനദ് ദാന പ്രാർഥനാ സംഗമം സമസ്ത ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. പ്രാർഥനാ സംഗമത്തിന് ആദൃശേരി ഹംസകുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി. 

ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിൽ മമ്പുറം മഖാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നു ഖുർആൻ മന:പാഠമാക്കിയ 33 ഹാഫിളീങ്ങൾക്കുള്ള ബിരുദം ആലിക്കുട്ടി മുസ്‌ലിയാർ കൈമാറി. 

ദാറുൽഹുദാ സ്റ്റുഡന്റ്സ് യൂണിയൻ (ഡി എസ് യു) പുറത്തിറക്കിയ ‘സാക്ഷി’ സ്പെഷൽ പത്രം കെ ആലിക്കുട്ടി മുസ്ലിയാർക്ക് മുനീർ ഹാജി വെന്നിയൂരിന് നൽകി പ്രകാശനം ചെയ്തു. ദാറുൽഹുദാ യു.ജി സ്റ്റുഡന്റ്സ് യൂണിയൻ അസാസ് പുറത്തിറക്കിയ ‘വിശേഷം’ പ്രത്യേക പതിപ്പ് കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസ് എം.ഡി റസാഖ് സാഹിബിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. വിദ്യാർഥികൾ പുറത്തിറക്കിയ അൽ വഹ്ദ ദ്വൈമാസിക കാമ്പ്ര ബാവ ഹാജിക്ക് നൽകിയും പ്രകാശനം ചെയ്തു.

ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം.പി മുസ്ത്വഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സൈദാലി കുട്ടി ഫൈസി, വി.പി കോയ കുട്ടി തങ്ങൾ മമ്പുറം, കെ.എം സൈതലവി ഹാജി കോട്ടക്കൽ, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, 

 സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍,  തുടങ്ങിയവര്‍ സംബന്ധിച്ചു.

33 വിദ്യാർത്ഥികൾ ഹാഫിള് പട്ടം സ്വീകരിച്ചു.

തിരൂരങ്ങാടി : ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിൽ മമ്പുറം മഖാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മനപാഠമാക്കിയ 33 വിദ്യാർത്ഥികൾ ഹാഫിള് പട്ടം സ്വീകരിച്ചു. നാല് വർഷത്തെ പഠനസപര്യയിൽ  ഖുർആൻ പഠനവും ഭൗതിക പഠനവും ഉൾകൊള്ളുന്നു. ശേഷം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ തുടർ പഠനം നടത്തുന്നു.

ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

മമ്പുറം ആണ്ടുനേർച്ചയുടെ സമാപന ദിവസമായ ഇന്ന് ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം നൽകും. അന്നദാനത്തിനായുള്ള ഒരുക്കങ്ങൾ ദാറുൽഹുദാ കാമ്പസിലും മഖാം പരിസരത്തും തുടങ്ങിക്കഴിഞ്ഞു. ജാതി മത ഭേദമന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്നദാനത്തിനായി എത്തിച്ചേരുന്ന തീർത്ഥാടകർക്കായി ഒരു ലക്ഷത്തിലധികം നെയ്ച്ചോർ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ദാറുൽഹുദായിലെ അധ്യാപകരുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ആയിരത്തിലധികം വിദ്യാർഥികൾ ചേർന്ന് നെയ്ച്ചോർ പ്രത്യേക കണ്ടെയ്നർ പാക്കറ്റുകളിലാക്കി ലോറികളിലായി മമ്പുറത്തെത്തിക്കും. തുടർന്ന് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഒരുക്കിയ വ്യത്യസ്ത കൗണ്ടറുകളിൽ നിന്ന് പാക്കറ്റുകൾ വിതരണം ചെയ്യും.

error: Content is protected !!