
തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍.
185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന ‘മമ്പുറം തങ്ങളുടെ ലോകം’ ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മതേതരത്വത്തിന്റെ വിളംബരമാണെന്നും കീഴാള ജനതയുടെ നവോത്ഥാന നായകനായിരുന്നു അദ്ദേഹമെന്നും ഡോ. സന്തോഷ് പറഞ്ഞു. മമ്പുറം തങ്ങളുടെ പോരാട്ടങ്ങള്‍ എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശിവദാസന്‍ പി സംസാരിച്ചു. ജാതി മത സംഘര്‍ഷങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകളും ചിന്തകളും അക്കാദമിക സെമിനാറുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കണമെന്നും കേരളത്തിന്റെ പൈതൃകം ചെറുത്തുനില്‍പ്പാണെന്നും ജാതി മത ഭേദമന്യേ സര്‍വരെയും സംഘടിപ്പിച്ച് മമ്പുറം തങ്ങള്‍ നടത്തിയ വിമോചന പോരാട്ടങ്ങളും സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ത്തമാന കാലത്ത് ഊര്‍ജമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളുടെ രാജ്യാന്തര സഞ്ചാരങ്ങള്‍ എന്ന വിഷയത്തില്‍ അങ്കാറ യൂണിവേഴ്‌സിറ്റി ഗവേഷകന്‍ ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി, മമ്പുറം തങ്ങളുടെ ജീവിതവും ആത്മീയവും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും അടിസ്ഥാനമാക്കി ഡോ. മോയിന്‍ ഹുദവി മലയമ്മ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി രചിച്ച
‘സയ്യിദ് ഫദ്ല്‍ ഒരു ആഗോള മുസ്ലിമിന്റെ സഞ്ചാരപഥങ്ങള്‍’ എന്ന പുസ്തകം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഡോ. ആര്‍ സന്തോഷിന് നല്‍കി പ്രകാശനം ചെയ്തു.
ദാറുല്‍ഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. ഡോ. സുഹൈല്‍ ഹിദായ ഹുദവി, ഡോ. റഫീഖ് അലി ഹുദവി കരിമ്പനക്കല്‍, അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, പി.കെ അബ്ദുനാസ്വിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.