
കരുവാരക്കുണ്ട് : ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവയെ വീണ്ടും പ്രദേശവാസികൾ കണ്ടു. ഇന്നലെ ഉച്ചയോടെ മദാരിയിൽ അളയിൽ താമസിക്കുന്ന ആദിവാസി വേലായുധനാണ് കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ കടുവയെ കണ്ട സ്ഥലത്തിനു സമീപത്ത് വീണ്ടും കടുവയെ കണ്ടത്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ വനപാലകരെ 2 മണിക്കൂർ തടഞ്ഞു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വനപാലകർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ആളുകൾ കടുവയെ കണ്ടെന്നു പറയുമ്പോൾ മാത്രം തിരച്ചിൽ നടത്തുക മാത്രമാണ് വനപാലകർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വനപാലകർക്കെതിരെ വൻ പ്രതിഷേധം ഉയർത്തിയതോടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തി നാട്ടുകാരെ ശാന്തരാക്കാൻ ശ്രമം നടത്തി. രാത്രി പ്രദേശത്ത് കാവൽ ഏർപ്പെടുത്താമെന്ന ഉറപ്പിലാണ് നാട്ടുകാർ പിൻവാങ്ങിയത്.