തെന്നല : മുസ്ലിം ലീഗ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം തെന്നല ലോക്കല്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇടപാടുകാര്‍ ബേങ്കിലെത്തിയാല്‍ നിക്ഷേപതുകയില്‍ നിന്നും ചെറിയ തുക പോലും പിന്‍വലിക്കാന്‍ പണമില്ലാത്ത അവസ്ഥയില്‍ നിക്ഷേപകര്‍ ബാങ്കില്‍ ബഹളം വെച്ച് തിരിച്ചു പോകുന്ന കാഴ്ച നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു,
കഴിഞ്ഞ കാല മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എടുത്തിട്ടുള്ള അനധികൃത ലോണുകള്‍ തിരിച്ചടക്കാത്തത് മൂലമാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. കിട്ടാക്കടം തീരിച്ചു പിടിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സി.പി.എം തെന്നല ലോക്കല്‍ കമ്മറ്റി സഹകരണ ജോയിന്റ് റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ അന്വോഷണം നടത്തി വെട്ടിപ്പ് നടത്തിയ വരില്‍ നിന്നും ജപ്തി നടപടികളിലൂടെ ലോണ്‍ തുക തിരിച്ചു പിടിക്കാന്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ മുന്‍ ഭരണ സമിതി അംഗങ്ങള്‍ മേല്‍ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുകയും, കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിക്കുകയുമാണുണ്ടായതെന്നും സിപിഐഎം ലോക്കല്‍ കമ്മിറ്റി പറഞ്ഞു.
തുടര്‍ന്നിങ്ങോട്ട് നിലവില്‍ വന്ന ഒരു ഭരണ സമിതിയും 68 നടപടി നടപ്പിലാക്കാന്‍ ഒരു പ്രമേയം പാസാക്കി സഹകരണ വകുപ്പിലേക്കു ഫോര്‍വാര്‍ഡ് ചെയ്തു കോടതിയിലുള്ള സ്റ്റേ നീക്കാന്‍ നടപടി എടുക്കുന്നതിന് പകരം, മുന്‍ ഭരണ സമിതിയുടെ വെട്ടിപ്പിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പാര്‍ട്ടി ആരോപിച്ചു.
സിപിഎം തെന്നല ലോക്കല്‍ കമ്മറ്റി, നിലവിലുള്ള ഭരണസമിതി കോടതിയിലുള്ള ‘സ്റ്റേ നീക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടു ബാങ്ക് പ്രസിഡന്റിനും, സെക്രടറിക്കും പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞു കാത്തിരുന്നിട്ടും അതിന്‍മേല്‍ ഒരു നടപടിക്കും തയ്യാറാകാത്തതിനാല്‍ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാനാകാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കയ്യൊഴിയുന്ന ബാങ്ക് ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് നിക്ഷേപകരുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ സി.പി എം തെന്നല ലോക്കല്‍ കമ്മറ്റി തീരുമാനിച്ചു.
മച്ചിങ്ങല്‍ അബ്ദു റഹിമാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ലോക്കല്‍ സെക്രടറി സയിദലി മജീദ് റിപ്പോര്‍ട്ടു അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി.ടി, ശ്രീധരന്‍ എന്‍, സുബ്രമണിയന്‍ പറമ്പേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.